കല്ലുവിളയിലും കാരക്കകുഴിയിലും വീണ്ടും പുലി ഇറങ്ങി

Monday 05 December 2022 12:38 AM IST
പുലിയുടെ കാൽപ്പാടുകൾ

കോന്നി : കാടിറങ്ങി ജനവാസ മേഖലയിൽ എത്തുന്ന പുലിയുടെ വരവ് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ കലഞ്ഞൂർ കുടപ്പാറയിലും കൂടൽ ഇഞ്ചപ്പാറയിലും മുറിഞ്ഞകല്ലിലും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായതിന് തൊട്ടുപിന്നാലെ മുറിഞ്ഞകൽ കല്ലുവിളയിലും കൂടൽ കാരക്കകുഴിയിലും പുലിയെ കണ്ടത് ജനങ്ങളെ ഭീതി​യി​ലാക്കി​. കഴിഞ്ഞ ദിവസം ചേർന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ പുലിയെ കുടുക്കാൻ കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നുവന്നെങ്കിലും നടപടി ആയില്ല.

മുറിഞ്ഞകൽ കല്ലുവിള വിളയിൽ വീട്ടിൽ ജഗന്നാഥന്റെ വീടിന് സമീപത്തായാണ് പുലി കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയത്. നായ്ക്കളുടെ കുര കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാർ പുലി ഓടി മറയുന്നതാണ് കണ്ടത്. തുടർന്ന് വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തി പരിശോധന നടത്തി. ഇതിന് രണ്ട് ദിവസം മുൻപാണ് മുറിഞ്ഞകല്ലിലെ വീട്ടിലെ സി.സി.ടി​.വിയി​ൽ പുലിയുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വീടിന് മുന്നിലെ റോഡിലൂടെ പുലി പോകുന്ന ദൃശ്യങ്ങൾ ആണ് ലഭിച്ചത്. ഇതിന് മുൻപ് സമീപ പ്രദേശമായ ഇഞ്ചപ്പാറയിൽ പുലി ആടിനെ കൊന്നിരുന്നു. ഇതിന് മുൻപ് കലഞ്ഞൂർ കുടപ്പാറയിൽ പുലി ആടിനെ കൊന്നു. മുറിഞ്ഞകല്ലിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ ആണ് കൂടൽ കാരക്കകുഴിയിൽ പുലിയെ കണ്ടതായി നാട്ടുകാർ വനപാലകരെ അറിയിച്ചത്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ രാജഗിരി, പാടം, അതിരുങ്കൽ, പോത്തുപാറ, രത്നഗിരി, കുളത്തുമൺ തുടങ്ങിയ പ്രദേശങ്ങളിലും മുൻപ് പല തവണ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്.

Advertisement
Advertisement