അച്ചൻകോവിൽ കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം

Monday 05 December 2022 12:15 AM IST
അച്ചൻകോവിലിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണജോർജ്ജ് നാടിന് സമർപ്പിക്കുന്നു.എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.എസ്.സുപാൽ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് രാധാരാജേന്ദ്രൻ , പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് തുടങ്ങിയവർ സമീപം

പുനലൂർ: സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന പരിവർത്തനങ്ങളുടെ നേർസാക്ഷ്യമണ് അച്ചൻകോവിൽ കുടുംബാരോഗ്യകേന്ദ്രമെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി 3.33കോടി രൂപ ചെലവഴിച്ച് മൂന്ന് നിലയിൽ പണികഴിപ്പിച്ച പുതിയ ആശുപത്രി കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. അച്ചൻകോവിലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തെ സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ആർദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതായും മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു.ആശുപത്രിയിലേക്ക് പുതിയ ലാബ് ടെക്നിഷ്യനെ നിയമക്കുകയും നിലവിലെ 109 ആംബുലൻസിന്റെ പ്രവർത്തനം 12മണിക്കൂറിൽ നിന്ന് 24 മണിക്കൂറായി ഉയർത്തുമെന്നും മന്ത്രി ഉറപ്പ് നൽകി . പി.എസ്.സുപാൽ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി.മുഖ്യാതിഥിയായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖഗോപാലകൃഷ്ണൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ സാനുധർമ്മരാജ്,സീമ സന്തോഷ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ്, ഡോ.ദേവ് കിരൺ,ബിജുലാൽ പാലസ്,ബിനുശിവപ്രസാദ്, കെ.ആർ.ഗോപി,ബാബുരാജ്,സി.രാധാകൃഷ്ണ പിള്ള, ഡോ.എ.അൻവർ, ഗീതസുകുനാഥ്, ഊരുമൂപ്പൻ,രാജേന്ദ്രൻ,എം.കെ.ഉണ്ണിപിള്ള തുടങ്ങിയവർ സംസാരിച്ചു.