അപ്പീലുമായെത്തി ഒന്നാം സ്ഥാനവുമായി മടക്കം

Monday 05 December 2022 12:19 AM IST

അഞ്ചൽ: അപ്പീലുമായി സബ് ജില്ലയിലേക്ക്, വിജയവുമായി ജില്ലയിലേക്ക്, അവിടെ ഒന്നാം സ്ഥാനവും എ ഗ്രേഡും. കൊല്ലം വിമല ഹൃദയ സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജിത കൃഷ്ണയാണ് എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്.

35 വർഷത്തെ നൃത്ത പഠന പാരമ്പര്യമുള്ള കൊല്ലം കപ്പലണ്ടി മുക്കിലെ ചിലങ്ക ദി പെർഫോർമിംഗ് ആർട്ട് സ്കൂളിലെ വിദ്യാർത്ഥിനി കൂടിയായ അഞ്ജിത കൃഷ്ണയ്ക്ക് അപ്പീലുമായി സബ് ജില്ലയിലേക്ക് പോകാനായിരുന്നു വിധി.

പക്ഷെ തന്റെ കീഴിൽ പരിശീലിക്കുന്ന വിദ്യാർത്ഥിനികളുടെ കഴിവിൽ ചിലങ്കയുടെ അമരക്കാരിയായ ശാന്തിനി ശുഭദേവന് ഒട്ടും സംശയമുണ്ടായിരുന്നില്ല. നിയമ പോരാട്ടങ്ങൾക്കൊടുവിൽ ജില്ലാ മുൻസിഫ് കോടതി വിധിയുമായി സബ് ജില്ലയിലും അവിടെ നിന്ന് ജില്ലയിലും എത്തിയാണ് വിജയം പിടിച്ചുവാങ്ങിയത്.

ജില്ലയിൽ ആദ്യമായാണ് അപ്പീൽ വിധിയുമായി സബ് ജില്ലയിൽ ഒരു വിദ്യാർത്ഥി പങ്കെടുക്കുന്നത്. 2005 മുതൽ 2019 വരെ നടന്ന കലോത്സവങ്ങളിൽ ടീച്ചറുടെ വിദ്യാർത്ഥിനികൾ അപ്പീൽ വഴിയാണ് സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. ജില്ലയിൽ നിന്ന് നേരിട്ടെത്തിയ കുട്ടികളേക്കാൾ കൂടുതൽ പോയിന്റ് നേടാനും ടീച്ചറുടെ ശിഷ്യർക്ക് കഴിഞ്ഞു. ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യത്തിലും കേരള നടനത്തിലും ഒന്നാം സ്ഥാനം നേടിയ എസ്.എൻ ട്രസ്റ്റ് എച്ച്‌.എസ്.എസിലെ വിദ്യ വിജയനും ടീച്ചറുടെ ശിഷ്യയാണ്.

Advertisement
Advertisement