ഷിഗെല്ല മരണം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Monday 05 December 2022 12:23 AM IST

തിരൂരങ്ങാടി: ഷിഗെല്ല ബാധിച്ച് ഒമ്പതു വയസ്സുകാരി മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ സംഘം ഇന്ന് തിരൂരങ്ങാടിയിലെത്തും. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നന്നമ്പ്ര കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെയും സമീറയുടെയും മകളായ ഫാത്തിമ റഹ (9) മരിച്ചത്. തുടർന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മുന്നിയൂരിലുള്ള കുട്ടിയുടെ ഉമ്മയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾക്ക് ഛർദ്ദി ബാധിച്ചിട്ടുണ്ട്. ഇയാൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച കുട്ടിയുടെ സഹോദരങ്ങൾക്കും പിതാവിനും പനിയുള്ളതിനാൽ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചു. ഇരു വീട്ടിലെയും കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനയ്ക്കയച്ചിട്ടുണ്ട്. കുട്ടിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കരുതെന്ന് ബന്ധുക്കൾക്ക് ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ

കൊടിഞ്ഞി എം.എ എച്ച്.എസ്.എസ് നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ റഹ ഒന്നാംതീയതി മാതാവ് സമീറയുടെ വീടായ മുന്നിയൂർ കളത്തിങ്കൽ പാറയിലേക്ക് പോയതായിരുന്നു. അവിടെ വച്ച് ഛർദ്ദിയും വയറുവേദനയും ഉണ്ടായപ്പോൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം വിശദമായ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. മെ‌ഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ആണെന്ന് മനസിലായത്.

ഒരു പ്രശ്നവുമില്ലാതിരുന്ന കുട്ടിയുടെ പൊടുന്നനെയുള്ള മരണം നാട്ടുകാരെയും സ്കൂളിലെ സഹപാഠികളെയും അദ്ധ്യാപകരെയുമെല്ലാം ഞെട്ടിച്ചിട്ടുണ്ട്.


നന്നമ്പ്രയിലും മുന്നിയൂരിലും പരിശോധന കർശനം

തിരുരങ്ങാടി: ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്നമ്പ്ര ദുബായ് പീടിക, തട്ടത്തലം പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. പ്രദേശത്തെ കിണറുകളുടെ സൂപ്പർ ക്‌ളോറിനേഷനും ആരോഗ്യബോധവത്കരണ പ്രവർത്തനവും നടന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബി ജോസഫ്, ആരോഗ്യപ്രവർത്തകരായ അജിത് ബാൽ, അഭിലാഷ്, നിത്യ, സുധ, ധന്യ, അഖില, നീതു,​ ആശ പ്രവ‌ർത്തകരായ സാറാബി, ഷൈനി, ഷീബ, ഷീജ, ശോഭന, ചന്ദ്രവതി എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.

മുന്നിയൂർ കുന്നത്തുപറമ്പിൽ പ്രവർത്തനങ്ങൾക്ക് മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ഫെബി, ഹെൽത്ത് ഇൻസ്‌പെക്ടർ സുബിത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജലീൽ, അജിത, ഉമേഷ്, ജയൻ, മുജീബ്, പി.എച്ച്.എൻ.നഴ്സ് ജയന്തി, ജെ.പി.എൻ സുറുമി, ജസ്ന, മുംതാസ്, ആരോഗ്യ പ്രവർത്തകരായ അഷ്‌റഫ് കളത്തിങ്ങൽ പാറ, സുഹ്ര, പാത്തുമ്മു,ശകുന്തള എന്നിവരും ആശാ വർക്കർമാരും നേതൃത്വം നൽകി.
കളത്തിങ്ങൽ പാറ മദ്രസയിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ മെഡിക്കൽ ഓഫീസർ ഡോ:ഫെബി, ജെ.എച്ച്.ഐ. ജലീൽ, അഷ്രഫ് കളത്തിങ്ങൽപാറ, പി.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement