കൊച്ചിയിൽ വരും 19 ക്രൂസ് കപ്പലുകൾ കൂടി

Monday 05 December 2022 1:49 AM IST

കൊച്ചി: യൂറോപ്പ-2ന് പിന്നാലെ 19 അത്യാഡംബര അന്താരാഷ്ട്ര കപ്പലുകൾ കൂടി വിനോദസഞ്ചാരികളുമായി ആറുമാസത്തിനകം കൊച്ചിയിലെത്തും. ഇവയിൽ അഞ്ചെണ്ണം ആദ്യമായി എത്തുന്നവയാണ്. കൊവിഡ് ഭീതിയൊഴിഞ്ഞതോടെ ആയിരക്കണക്കിന് സഞ്ചാരികളാണ് കപ്പൽമാർഗം കൊച്ചിയിലെത്തുക.

കൊവിഡിനുശേഷമുള്ള ആദ്യത്തെ ക്രൂസ് കപ്പൽ എം.വി. യൂറോപ്പ-2 കഴിഞ്ഞദിവസം രാവിലെ കൊച്ചിയിലെത്തി രാത്രി മടങ്ങി. 2023 മേയ്ക്കകം 19 കപ്പലുകൾ കൂടി കൊച്ചിയിലെത്തുമെന്ന് തുറമുഖ അതോറിറ്റി ചെയർപേഴ്സൺ ഡോ.എം.ബീന പറഞ്ഞു. അഞ്ചെണ്ണം വൻ കപ്പലുകളാണ്. എം.വി.ബോറെലിസ്, എം.വി.അമേറ, എം.വി.ലേ കാംപ്ളയിൻ എന്നിവ ആദ്യമായി കൊച്ചിയിൽ എത്തുന്നവയാണ്. വിനോദസഞ്ചാര കപ്പലുകളെ ആകർഷിക്കാൻ തുറമുഖ നിരക്കുകളിൽ 2023 സെപ്തംബർ വരെ ഇളവുകളും എമിഗ്രേഷൻ നടപടികൾ ലളിതവുമാക്കിയിട്ടുണ്ട്.

ഒഴുകുന്ന കൊട്ടാരം

മാൾട്ടയിൽ നിന്നുള്ള എം.വി യൂറോപ്പ-2 കപ്പലാണ് 257 സഞ്ചാരികളുമായി എത്തിയത്. കൂടുതൽ സൗകര്യങ്ങളോടെ നിർമ്മിച്ച സാഗരിക ക്രൂസ് ടെർമിനലിലാണ് കപ്പലടുത്തത്. തുറമുഖ ട്രസ്റ്റ്, ടൂറിസം വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സഞ്ചാരികളെ സ്വീകരിച്ചു.

താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുട എന്നിവ ഒരുക്കി സഞ്ചാരികളെ വരവേറ്റു. ആലപ്പുഴ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങൾ സഞ്ചാരികൾ സന്ദർശിച്ചു.

മംഗലാപുരത്ത് നിന്നാണ് കപ്പൽ കൊച്ചിയിലെത്തിയത്. ജർമ്മനിക്കാരാണ് കൂടുതൽ. ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ സ്വദേശികളാണ് മറ്റുള്ളവർ. തായ്‌ലൻഡിലേക്കാണ് കപ്പൽ യാത്രയായത്.

എം.വി. യൂറോപ്പ-2

കമ്പനി: ടി.യു.ഐ ക്രൂയിസ്

രാജ്യം: മാൾട്ട

സഞ്ചാരികൾ: 257

ജീവനക്കാർ: 372

നീളം: 225.53 മീറ്റർ

ആഴം: 6.53 മീറ്റർ

ഉയരം: 40.02 മീറ്റർ

ഭാരം: 42,830 ടൺ

റൂട്ട്: മാലി, മുംബയ്, ഗോവ, മംഗലാപുരം, കൊച്ചി, പടോംഗ് (തായ്‌ലൻഡ്)

Advertisement
Advertisement