മേഘേ....!അതൊരു ഒന്നൊന്നര മടങ്ങി വരവ് 

Monday 05 December 2022 2:13 AM IST

തിരുവനന്തപുരം: അതൊരു ഒന്നൊന്നര തിരിച്ചുവരവായിരുന്നു... ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ ഒന്ന്. സീനിയർ പെൺകുട്ടികളുടെ 100 ഓട്ടത്തിൽ12.23 സെക്കന്റിൽ മേഘ വിജയക്കൊടി പാറിക്കുമ്പോൾ അവളെപ്പറ്റി അറിയാവുന്നവർ ഇതായിരിക്കും പറഞ്ഞിട്ടുണ്ടാകുക. അത്ര കഠിനമായിരുന്നു അവൾക്ക് ഈ വിജയത്തിലേക്കുള്ള യാത്ര. പട്ടിണിയും പ്രാരബ്ദങ്ങളും നിറഞ്ഞ കുട്ടികാലത്ത് കായിക ലോകത്ത് വലിയ സ്വപ്നങ്ങൾകണ്ടു തുടങ്ങിയ മേഘയെ കായിക താരമായി വള‌ർത്തിയെടുക്കാൻ തക്ക സാഹചര്യമായിരുന്നില്ല ടൈൽസ് പണിക്കാരനായ അച്ഛൻ സുരേഷ് ബാബുവിനും അമ്മ രജിതയ്ക്കും. തീവ്രമായ ആഗ്രഹം മാത്രമായിരുന്നു അവരുട കൈമുതൽ. അതിനായി രാവന്തിയോളം പണിയെടുത്തെങ്കിലും സാഹചര്യങ്ങൾ പലപ്പോഴും വിലങ്ങുതടിയായി. എങ്കിലും അവരത് മകളെ അറിയിച്ചില്ല. അഞ്ചാം ക്ലാസിൽ പാലക്കാട് ഗ്രേസ് അത്ലറ്റിക് അക്കാഡമിയിൽ പരിശീലകൻ ബിശ്വജിത്തിന് കീഴിൽ ആരംഭിച്ച പരിശീലനം എട്ടാംക്ലാസിൽ മതിയാക്കേണ്ടി വന്നു. സാമ്പത്തിക ‌ബാദ്ധ്യതകൾ മുക്കിക്കൊല്ലുമെന്നായപ്പോഴായിരുന്നു അച്ഛനെയും അമ്മയും ഇനിയും കടത്തിലേക്ക് തള്ളിവിടരുതെന്ന് ചിന്തയിൽ ആ കുഞ്ഞ് മനസ് ട്രാക്കിനോട് എന്നന്നേക്കുമായി വിടപറഞ്ഞത്. ഒരുവർഷം വേദനകൾ കടിച്ചമ‌ർത്തി അവ‌ൾ ഉറ്റവർക്ക് മുന്നിൽ അഭിനയിച്ചു. എന്നാൽ മേഘയുടെ ഓട്ടത്തിലെ മികവും സാഹചര്യങ്ങളും മനസിലാക്കിയ പുളിയമ്പറമ്പ് ജി.എച്ച്എസ്എസിലെ അദ്ധ്യാപകരും പരിശീലകൻ ബിശ്വജിത്തും മേഘയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് നൽകുകയായിരുന്നു. അവർ അവളെ ഏറ്റെടുത്തു. സാഹയങ്ങൾ നൽകി മുന്നോട്ടുള്ള യാത്രക്ക് കരുത്തേകി. ഒരിക്കൽ ഗുഡ് ബൈ പറഞ്ഞ കായിക ജീവിതം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തിരികെ പിടിക്കുമ്പോൾ മേഘ നന്ദി പറയുകയായിരുന്നു പരിശീലകൻ ബിശ്വജിത്തിനും തനിക്കൊപ്പം നിന്നവർക്കും. ഇന്നലെ പരിശീലകൻ വാങ്ങിയ നൽകിയ പുതിയ സ്‌പൈക്കുമിട്ടായിരുന്നു മേഘയുടെ കുതിപ്പ്.ഇക്കഴിഞ്ഞ ദേശീയ ജൂനിയർ മീറ്റിൽ സ്വർണവും, യൂത്ത് നാഷണൽ അത്‌ലറ്റിക് മീറ്റിൽ വെള്ളിയും മേഘ നേടിയിരുന്നു.

Advertisement
Advertisement