പറപറക്കും ബാറ്റിസ്‌റ്റ - ലോകത്തെ ഏറ്റവും വേഗക്കാരൻ കാർ

Monday 05 December 2022 2:45 AM IST

കൊച്ചി: ഇ​ന്ത്യ​ൻ വാഹനനിർമ്മാണ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനമായ ഓട്ടോമൊബിലി പിനിൻഫാരിന നിർമ്മിച്ച ഓൾ ഇലക്‌ട്രിക് ഹൈപ്പർകാറായ 'ബാറ്റിസ്‌റ്റ" ലോകനിരത്തിലെ ഏറ്റവും വേഗക്കാരൻ എന്നപട്ടം സ്വന്തമാക്കി.
സാധാരണനിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാറെന്ന നേട്ടമാണ് ബാറ്റിസ്‌റ്റയ്ക്ക് ലഭിച്ചത്. ദുബായിലെ ഓട്ടോഡ്രോം ഷോയിലാണ് ഈ നേട്ടം.
പൂജ്യത്തിൽ നിന്ന് 60 മൈൽ (96 കിലോമീറ്റർ)​ വേഗം വെറും 1.79 സെക്കൻഡിലാണ് ബാറ്റിസ്‌റ്റ കൈവരിച്ചത്. കഴിഞ്ഞവർ‌ഷം റൈമാക് നെവേര കുറിച്ച 1.86 സെക്കൻഡാണ് പഴങ്കഥയായത്. പൂജ്യത്തിൽ നിന്ന് 120 മേൽ (192 കിലോമീറ്റർ)​ വേഗം 4.49 സെക്കൻഡിൽ കൈവരിച്ച് പുതിയ റെക്കാഡും ബാറ്റിസ്‌റ്റ സ്വന്തം പേരിലെഴുതി. 60 മൈൽ വേഗത്തിൽ നിന്ന് അതിവേഗം പൂജ്യത്തിലേക്കെത്തി,​ വാഹനം നിറുത്തിയ കാറെന്ന പട്ടവും ഓട്ടോമൊബിലി പിനിൻഫാരിനയുടെ ഈ ഓൾ-ഇലക്‌ട്രിക് ബാറ്റിസ്‌റ്റ ഹൈപ്പർകാറിന് സ്വന്തമാണ്. 60 മൈൽ വേഗത്തിൽ നിന്ന് വെറും 120 അടിദൂരത്തേക്ക് എത്തുംമുമ്പേ വാഹനം ബ്രേക്ക് ചെയ്‌ത് നിറുത്തിയാണ് ഈ റെക്കാഡ് നേടിയത്.
120 കെ.ഡബ്ള്യു.എച്ച് ശേഷിയുള്ളതും 6,​960 ലിഥിയം-അയോൺ സെല്ലുകളോടുകൂടിയതുമായ ബാറ്ററിയാണ് ബാറ്റിസ്റ്റയ്ക്കുള്ളത്. 2018ലാണ് ബാറ്റിസ്‌റ്റയെ ആദ്യമായി പിനിൻഫാരിന പരിചയപ്പെടുത്തിയത്. ബാറ്റിസ്‌റ്റയുടെ വെറും 150 യൂണിറ്റുകൾ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 22.5 ലക്ഷം ഡോളറായിരിക്കും എക്‌സ്‌ഷോറൂം വില; ഏകദേശം 18.32 കോടി രൂപ.

Advertisement
Advertisement