നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ, ചരിത്രത്തിലിത് ആദ്യം; നിർദേശിച്ചത് സ്‌പീക്കർ
Monday 05 December 2022 9:51 AM IST
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്.
സ്പീക്കർ എ എൻ ഷംസീർ തന്നെയാണ് ഇത്തരത്തിലൊരു ചരിത്രപരമായ നിർദേശം മുന്നോട്ടുവച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. സ്‌പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിന്റെ സന്തോഷം ഷംസീർ നേരത്തെ പങ്കുവച്ചിരുന്നു.
സ്പീക്കർ പദവി പുതിയ റോളാണെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണിതെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ സഭ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, മുൻഗാമികളെപ്പോലെ പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും ഷംസീർ വ്യക്തമാക്കിയിരുന്നു.