'മാലിന്യപ്ലാന്റ് ആവശ്യമില്ലെന്ന് തീരുമാനിക്കേണ്ടത് പ്രദേശവാസികളല്ല'; ആവിക്കൽ തോട് സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
Monday 05 December 2022 10:41 AM IST
തിരുവനന്തപുരം: ആവിക്കൽ തോട് സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മാലിന്യപ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധം ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
' കേരളത്തിലെ എല്ലാ സ്ഥലവും ജനനിബിഡമാണ്. മാലിന്യപ്ലാന്റ് ആളില്ലാത്ത സ്ഥലത്ത് വേണമെന്ന് എങ്ങനെ പറയാൻ കഴിയും. പ്ലാന്റ് ആവശ്യമില്ലെന്ന് പ്രദേശവാസികൾ ചേർന്ന് തീരുമാനിക്കുകയല്ല വേണ്ടത്. ജനപ്രതിനിധികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കണം'- മുഖ്യമന്ത്രി പറഞ്ഞു.
അൽപ്പസമയം മുമ്പാണ് നിയമസഭ ആരംഭിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബിൽ പാസാക്കുകയാണ് പ്രധാന അജണ്ട. ആദ്യമായി സ്പീക്കർ പാനലിൽ മുഴുവൻ പേരും വനിതകളാണെന്നതും ഇത്തവണത്തെ നിയമസഭയിലെ പ്രത്യേകതയാണ്. പ്രതിപക്ഷത്ത് നിന്നും കെ കെ രമയാണ് പാനലിൽ ഉള്ളത്.