കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം'പ്രതീക്ഷയോടെ കടമ്പൂർ'

Tuesday 06 December 2022 12:40 AM IST

പാലക്കാട്: സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഒറ്റപ്പാലം കടമ്പൂരിൽ ഉയരും. വ്യാവസായിക ആവശ്യങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി പരിമിതമായതിനാലാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ അനുമതി നൽകിയത്. അഞ്ചുപേരുള്ള പങ്കാളിത്ത വ്യവസ്ഥയിൽ എം.ഹംസ മാനേജിംഗ് പാർട്ണറായായ പാർക്കാവും അമ്പലപ്പാറ പഞ്ചായത്തിലെ കടമ്പൂരിലേത്.

അഞ്ച് ഏക്കർ വിസ്തൃതി വേണ്ട ചെറിയ പാർക്കിനാണ് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളത്. കയർ ഉത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, മര ഉത്പ്പന്നങ്ങൾ, യന്ത്രോപകരണങ്ങൾ, പൊതുസംഭരണശാല എന്നിവയാണ് ആദ്യഘട്ടത്തിൽ പാർക്കിൽ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. 25 കോടിയാണ് പദ്ധതിക്കായുള്ള മുതൽ മുടക്ക്. ഇതിൽ മൂന്നുകോടി രൂപ സർക്കാർ സബ്സിഡി ലഭിക്കും. കിൻഫ്ര ഉദ്യോഗസ്ഥർ കൺവീനറായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ചെയർമാനായുമുള്ള സമിതി സ്ഥലം പരിശോധിച്ച് ശേഷം സംസ്ഥാന സമിതിക്ക് ശുപാർശ നൽകിയിരുന്നു. വ്യവസായ വകുപ്പ് അനുമതി നൽകിയതോടെയാണ് പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കും.

പാലക്കാടിന് പുറമേ കോട്ടയം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് സ്വകാര്യ വ്യാവസായിക പാർക്കുകൾ ഉയരുക. പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്‌കീം 2022 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ വ്യവസായ പാർക്ക് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി ഇങ്ങനെ പദ്ധതിക്കായി കുറഞ്ഞത് പത്തേക്കർ ഭൂമിയെങ്കിലും സ്വന്തമായിട്ടുണ്ടാവണം. സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ട്രസ്റ്റുകൾ, പാർട്ണർഷിപ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ സ്‌കീമിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പാർക്കുകൾ തുടങ്ങാൻ അവസരം. ഇത്തരം ഭൂമി വ്യാവസായിക ആവശ്യത്തിനുമാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഭൂമി നിലമോ തോട്ടമോ തണ്ണീർത്തടമോ ആകാനും പാടില്ല. ഏകജാലക സംവിധാനത്തിലൂടെ വിവിധ വകുപ്പുകൾ സഹായം നൽകും. റോഡ്, വെള്ളം, വൈദ്യുതി എന്നിവ പദ്ധതി പ്രദേശത്ത് എത്തിക്കാനടക്കമുള്ള പശ്ചാത്തല സൗകര്യം സർക്കാർ ഉറപ്പാക്കും. ജില്ലയിൽ മാത്രമാണ് അഞ്ചേക്കർ എന്ന ഇളവ് അനുവദിച്ചിരിക്കുന്നത്. അതിനാൽ ബുഹനില കെട്ടിടങ്ങൾ നിർമ്മിക്കാം. പത്ത് ഏക്കർ വ്യവസായ എസ്‌റ്റേറ്റുകളിൽ ബഹുനില കെട്ടിടങ്ങൾ പാടില്ല.

പൊതുമേഖലയിൽ മാത്രമായിരുന്നു വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതിയുണ്ടായിരുന്നത്. ഇപ്പോൾ സ്വകാര്യ മേഖലയിലേക്ക് കൂടി വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സംരംഭകർക്ക് വേണ്ട മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകാൻ വ്യവസായ വകുപ്പിൽ പ്രത്യേക വിഭാഗം സജ്ജമാണ്.

ബെനഡിക്ട് വില്യം ജോൺസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ