ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 70 ശതമാനം പേരും സവർണർ, ജാതി സംവരണം വേണമെന്ന് കന്നഡ നടൻ

Monday 05 December 2022 9:06 PM IST

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കണമെന്ന് കന്നഡ നടൻ ചേതൻ കുമാർ. ടീമിൽ കളിക്കുന്നവരിൽ 70ശതമാനവും ഉയർന്ന ജാതിയിൽ നിന്നുള്ളവരാണെന്നും പട്ടികജാതി, പട്ടികവ‌ർഗ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ സംവരണത്തിലൂടെ ഇന്ത്യൻ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അത് മികച്ച ടീമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, ജോലി, രാഷ്ട്രീയം എന്നിവയിൽ നിലവിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിക്കറ്റിലും ഇത് നടപ്പാക്കേണ്ടതുണ്ടെന്നും ചേതൻ കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയ്ക്ക് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്, 2016ൽ ദക്ഷിണാഫ്രിക്ക നടപ്പിലാക്കിയ നിയമമാണ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ കുറഞ്ഞത് ആറ് കറുത്ത വർഗക്കാർ ഉണ്ടായിരിക്കണമെന്നും അതിൽ രണ്ട് പേർ കറുത്ത ആഫ്രിക്കക്കാരായിരിക്കണമെന്നതുമാണ് ആ നിയമം. ഇന്ത്യയിലും ഇതുപോലെ ഒരു നിയമം ടീം തിരഞ്ഞെടുപ്പിൽ കൊണ്ടുവരണം എന്നതാണ് താരത്തിന്റെ അഭിപ്രായം.

ഇന്ത്യയിലെ ക്രിക്കറ്റ് ടീമിന് പണവും അംഗീകാരവും മാദ്ധ്യമ കവറേജും ലഭിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെടണമെങ്കിൽ ടീം തിരഞ്ഞടുപ്പിലും സംവരണം വേണമെന്നും താരം കൂട്ടിച്ചേർത്തു. പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു കായിക ഇനത്തിൽ ജാതി കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിലർ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Advertisement
Advertisement