കോർപ്പറേഷൻ അക്കൗണ്ടിലെ തട്ടിപ്പ് രാഷ്ട്രീയപോര് മുറുകുന്നു

Tuesday 06 December 2022 12:27 AM IST

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായ സംഭവത്തെ തുടർന്ന് രാഷ്ട്രീയ പോരാട്ടം മുറുകുന്നു. തട്ടിപ്പുകളിൽ കൃത്യമായി അന്വേഷണം നടക്കാത്തതും തട്ടിപ്പുകൾ തുടർക്കഥയാവുന്നതും ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുമ്പോൾ പഞ്ചാബ് നാഷ്ണൽ ബാങ്കിനെതിരെ സമരം നടത്തി പിടിച്ചുനിൽക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം.

ഇന്ന് രാവിലെ പത്തിന് യു.ഡി.എഫ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ സമരം നടത്തും. നഗരത്തിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖകൾക്ക് മുന്നിൽ എൽ.ഡി.എഫ് ധർണ നടത്തും. ബി.ജെ.പിയുടെ കോർപ്പറേഷൻ ഓഫീസ് ധർണ എട്ടിനാണ്.

ബാങ്ക് തട്ടിപ്പിലെ ഉദ്യോഗസ്ഥ ഭരണകൂട ഒത്താശ പുറത്തുവരുന്നു: യു.ഡി.എഫ്

പഞ്ചാബ് ബാങ്കിലെ കോർപ്പറേഷൻ അക്കൗണ്ടിൽ കോടികൾ വെട്ടിപ്പ് നടത്തിയ കേസിൽ കോർപ്പറേഷൻ ചില ഉദ്യോഗസ്ഥരും ഭരണസമിതിയിലെ പ്രമുഖരും ഉണ്ടെന്ന യു.ഡി.എഫ് ആരോപണം ശരിയാണെന്ന് തെളിയുകയാണെന്ന് യു.ഡി.എഫ് കൗൺസിൽ യോഗം.

അവിഹിത ഇടപെടൽ നാൾക്കുനാൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രതിയുടെ ജാമ്യാപേക്ഷയിലെ വിവരങ്ങളിലൂടെ ഈ ബന്ധം പുറത്തുകൊണ്ടുവരികയാണ്. ബാങ്കിൽ നിന്ന് സി.എസ്.ആർ ഫണ്ട് ഓഫീസിലെ പ്രമുഖർ വാങ്ങിയിട്ടുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു.

ഇതെല്ലാം വലിയ തട്ടിപ്പിലേക്കാണ് വിരൽ ചൂണ്ടെന്നതെന്ന് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത പറഞ്ഞു. ധനകാര്യവകുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി മേയർ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകണം. ഉദ്യോഗസ്ഥരും കൗൺസിലർമാരും വിവാദ പുരുഷനായ മാനേജരിൽ നിന്നും ഫണ്ട് സ്വീകരിച്ചതായി അന്വേഷണ വിഭാഗത്തിന് അറിയാം. തട്ടിപ്പിനെക്കുറിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രായോഗികമല്ല. ആർ.ബി.ഐയുടെ നിയന്ത്രണത്തിൽ സി.ബി.ഐയോ ഇ.ഡി.യോ സമഗ്രമായി അന്വേഷിച്ച് കുറ്റംക്കാരെ പുറത്തുകൊണ്ടുവരണം.

ശനിയാഴ്ച മേയർഭവനിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഇടതുപക്ഷ മുന്നണി യോഗത്തിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ സാന്നിദ്ധ്യം തെറ്റായ കീഴ് വഴക്കവും ചട്ടവിരുദ്ധവുമാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.

കോർപ്പറേഷന്റേത് കുത്തഴിഞ്ഞ സമീപനം: ബി.ജെ.പി

കോർപ്പറേഷന്റേത് കുത്തഴിഞ്ഞ സമീപനമാണെന്ന് ബി.ജെ.പി കോർപ്പറേഷൻ പാർലമെന്ററി പാർട്ടിയോഗം കുറ്റപ്പെടുത്തി. കോർപ്പറേഷന്റെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കണം. ഇതിൽ ഭരണസമിതിയുടെ അലംഭാവം അന്വേഷിക്കേണ്ടതുണ്ട്. കെട്ടിടനമ്പർ ക്രമക്കേട്, നികുതിപിരിവിലെ തട്ടിപ്പ്, കോഴിക്കൂട് അഴിമതി, ഫണ്ട് തട്ടിപ്പ് എല്ലാറ്റിലും കോർപ്പറേഷന്റെ കെടുകാര്യസ്ഥതയാണ് തെളിയുന്നത്. ബാങ്ക് പരാതി നൽകി അറിയിച്ചതിനുശേഷം മാത്രമേ ഏഴുമാസമായി നടത്തിയ തട്ടിപ്പ് കോർപ്പറേഷന് തിരിച്ചറിയാനായൂളളൂ. ഇതിൽ ദുരൂഹതയുണ്ട്. കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും, ഫണ്ട് തട്ടിപ്പ് കേസ് സി.ബി.ഐ ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ബി.ജെ.പി നേതൃത്വത്തിൽ എട്ടിന് കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു.ബി.ജെ.പി കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ നവ്യ ഹരിദാസ്, ഉപ ലീഡർ ടി.രനീഷ്, കൗൺസിലർമാരായ സരിത പറയേരി, അനുരാധ തായാട്ട്, എൻ.ശിവപ്രസാദ്, സി.എസ്.സത്യഭാമ, രമ്യ സന്തോഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement