ശബരിമലയിൽ അതീവസുരക്ഷയും ജാഗ്രതയും

Tuesday 06 December 2022 11:13 PM IST

ശബരിമല : ബാബറി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കേന്ദ്ര - സംസ്ഥാന സേനകൾ സംയുക്തമായി കർശന സുരക്ഷ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം സായുധ സേനയെ വിന്യസിച്ചു. സേനകൾ സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തിന്റെ സുരക്ഷ ഇന്ന് സായുധസേനകൾക്കായിരിക്കും.

പമ്പ, നിലയ്ക്കൽ, തുടങ്ങി വിവിധ ഭാഗങ്ങളിലും പ്രധാന ഇടത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. സ്‌പെഷ്യൽ ഓഫീസർ കെ.ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ കമാൻഡോകൾ, കേരള പൊലീസ്, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, എക്‌സൈസ്, ഫോറസ്​റ്റ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ വകുപ്പുകൾ സന്നിധാനം നടപ്പന്തലിൽ നിന്ന് മരക്കൂട്ടം വരെ റൂട്ട് മാർച്ച് നടത്തി. നിലയ്ക്കൽ, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തീർത്ഥാടകരെ പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 100 പേർ അടങ്ങുന്ന ഒരു കമ്പനി ബറ്റാലിയൻ സന്നിധാനത്ത് എത്തിയിട്ടുണ്ട്. മെ​റ്റൽ ഡി​റ്റക്ടർ, ബോംബ് ഡി​റ്റക്ടർ തുടങ്ങിയ പരിശോധനയ്ക്ക് പുറമേ ഡ്രോൺ നിരീക്ഷണങ്ങളും ശക്തമാക്കി. വനം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ എയ്ഡ് പോസ്​റ്റ് സ്ഥാപിച്ച് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. മണ്ഡലകാലം തുടങ്ങിയ ശേഷം ഏ​റ്റവും കൂടുതൽ അയ്യപ്പഭക്തർ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് ഇന്നലെയാണ്. 89,737 പേർ. വനാന്തരങ്ങളിലും ശുദ്ധജല വിതരണ ഉറവിടമായ കുന്നാർ അണക്കെട്ട് മേഖല,
പാണ്ടിത്താവളം, ശരംകുത്തി, അരവണ പ്ലാന്റിന് സമീപം എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാണ്. ഇന്ന് നെയ്യഭിഷേകത്തിനും വിശേഷാൽ പൂജാ ദർശനങ്ങൾക്കും നിയന്ത്രണമുണ്ടാകും.

Advertisement
Advertisement