മതംമാറ്റം ജീവകാരുണ്യത്തിന്റെ മറവിലാകരുത് : സുപ്രീംകോടതി

Tuesday 06 December 2022 12:19 AM IST

ന്യൂഡൽഹി: മരുന്നും ഭക്ഷ്യധാന്യങ്ങളും വാഗ്ദാനം ചെയ്ത് നടത്തുന്ന മതംമാറ്റം വളരെ ഗൗരവമായ വിഷയമാണെന്ന് സുപ്രീംകോടതി. എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും സ്വാഗതാർഹമാണ്. എന്നാൽ, ഇതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിർബ്ബന്ധിത മതംമാറ്റത്തിനെതിരെ നൽകിയ പൊതുതാത്പര്യ ഹർജിയെ എതിർത്ത് നൽകിയ അപേക്ഷകൾ സുപ്രീംകോടതി തള്ളി. പ്രത്യേകമായി ആരെയെങ്കിലും സഹായിക്കണമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അവരെ സഹായിക്കാം. ദാനം ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷേ, ലക്ഷ്യം മതംമാറ്റമാകരുത്. ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയും മതംമാറ്റം നടത്താൻ ആർക്കും അധികാരമില്ല. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരുമാണ്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഇന്ത്യയുടെ സംസ്കാരമനുസരിച്ച് പ്രവർത്തിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

നിർബ്ബന്ധിത മതംമാറ്റം തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാദ്ധ്യായ നൽകിയ ഹർജിയിൽ സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ഗുജറാത്തിൽ മതംമാറ്റത്തിനെതിരെ കർശന നിയമമുണ്ടെങ്കിലും സുപ്രീംകോടതി ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും അതിനെതിരെ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ പരാമർശിക്കാൻ കോടതി നിർദ്ദേശിച്ചു. മതംമാറ്റ വിരുദ്ധ നിയമങ്ങൾ സംബന്ധിച്ചും മറ്റ് നടപടികളെ കുറിച്ചും പ്രസക്തമായ വിവരങ്ങൾ ശേഖരിച്ച ശേഷം വിശദമായ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. കേസിൽ 12 ന് വീണ്ടും വാദം കേൾക്കും.

Advertisement
Advertisement