എങ്കിലും പൊന്നു മുളകേ

Tuesday 06 December 2022 12:20 AM IST

തിരുവനന്തപുരം: സഹായ വിലയ്ക്ക് മുളക് കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന കേരളത്തെ പറ്റിച്ച് ആന്ധ്ര. കിലോഗ്രാമിന് 348 രൂപയ്ക്ക് നൽകാമെന്നാണ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്. നമ്മുടെ മൊത്ത വിപണിയിൽ ഇന്നലെ വില 305 രൂപയും. കേരളത്തിൽ ഇപ്പോൾ ലഭ്യമാകുന്നതിലും മികച്ച മുളകെന്നാണ് ആന്ധ്രയുടെ ന്യായം.

സംസ്ഥാനത്ത് കഴിഞ്ഞ മാസം മുളക് വില 350 രൂപ വരെ എത്തിയിരുന്നു.

അരിക്കൊപ്പം മുളകിന്റേയും വില കുതിച്ചു കയറിപ്പോയപ്പോഴാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വിജയവാഡയിലെത്തി നേരിട്ട് ചർച്ച നടത്തിയത്. നവംബർ ഒന്നിന് ആന്ധ്രാ ഭക്ഷ്യമന്ത്രി നാഗേശ്വര റാവുവുമായി തിരുവനന്തപുരത്ത് നടത്തിയ തുടർ ചർച്ചയിൽ മാസം 500 ടൺ മുളക് വച്ച് വാങ്ങാൻ ധാരണയുമായി.

അതേസമയം,​ ആന്ധ്രയിൽ രണ്ടു മാസം കഴിയുമ്പോൾ സീസണാകുമെന്നും മുളക് വില 250ലേക്ക് താഴുമെന്നും സർക്കാർ അറയിച്ചിട്ടുണ്ട്. അതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

ജയയും ചതിക്കുമോ?​

കേരളത്തിനു വേണ്ടി ആന്ധ്രയിൽ ജയ നെല്ല് കൃഷി ചെയ്യാനും ധാരണയായിരുന്നു. ഗോദാവരി മേഖലയിലെ പ്രത്യേക കാലാവസ്ഥയിൽ കൃഷി ചെയ്യുന്നതാണ് ഒറിജിനൽ ജയ. വിത്തിറക്കി വിളവെടുക്കാൻ കുറഞ്ഞത് 4 മാസമെടുക്കും. അതിനു ശേഷമേ വില എത്രയെന്ന് അറിയിക്കൂ. ബൊണ്ടാലു അരിയാണ് ജയ എന്ന പേരിൽ ഇടനിലക്കാർ കേരളത്തിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുന്നത്. കിലോഗ്രാമിന് 62 രൂപ വരെ ഉയർന്ന ആന്ധ്ര അരി വില 56ലേക്ക് താഴ്ന്നിട്ടുണ്ട്.