ടൂറിസ്റ്റ് കാരവനുകളുടെ നികുതി 50% കുറച്ചു

Tuesday 06 December 2022 12:23 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയിൽ സർവീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി 50 ശതമാനം കുറച്ച് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. ഇതോടെ നികുതി 1000 രൂപയിൽ നിന്ന് 500 ആകും. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യം ഉണ്ടാകും. കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനത്തെ തുടർന്നാണിത്.

ടൂറിസം വകുപ്പുമായുള്ള കാരവനുകളുടെ കരാർ വിവരങ്ങൾ ടൂറിസം ഡയറക്ടർ നൽകണമെന്ന് ഉത്തരവിൽ പറയുന്നു. കരാർ അവസാനിപ്പിക്കുന്നവയുടെ വിവരങ്ങളും നൽകണം. കരാർ തീരുന്ന കാലയളവു മുതൽ ഇവ സാധാരണ നിരക്കിൽ നികുതി അടയ്ക്കണം. കാരവനുകൾക്ക് കോൺട്രാക്ട് ക്യാരേജ് പെർമിറ്റും ഗതാഗത വാഹന വിഭാഗ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.

കാരവൻ ഓപ്പറേറ്റർമാർക്ക് ആകർഷകമായ ആനൂകൂല്യങ്ങൾ വാഗ്ദാനം ചെയ്തതിലൂടെ കേരളത്തിന്റെ കാരവൻ ടൂറിസം നയത്തിന് തുടക്കത്തിൽ തന്നെ ശ്രദ്ധ നേടാനായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 50 ശതമാനം നികുതി കുറച്ചത് ഈ സംരംഭത്തിന് കൂടുതൽ പ്രോത്സാഹനമാകും. കൊവിഡിനു ശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതൽ കാരവനുകൾ എത്തുന്നതിന് നിരക്ക് ഇളവ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടർ പി.ബി. നൂഹ് പറഞ്ഞു.