അവയവമാറ്റ ചട്ടങ്ങൾ ഏകീകരിക്കണം

Tuesday 06 December 2022 12:25 AM IST

ന്യൂഡൽഹി:വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ ഏകോപിപ്പിച്ച് അവയവ മാറ്റ ചട്ടങ്ങൾ ഏകീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി . 2014 ലെ അവയവ മാറ്റ നിയമത്തിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളിലെ ചട്ടങ്ങൾ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ചട്ടങ്ങളായതിനാൽ അടിയന്തിരമായി അവയവ മാറ്റം നടത്തേണ്ട രോഗികൾക്ക് നടപടിക്രമങ്ങളിൽ വലിയ കാലതാമസമുണ്ടാവുന്നു. ഇത് നിരവധിയാളുകളുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗിഫ്റ്റ് ഓഫ് ലൈഫ് അഡ്വഞ്ചർ ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. ഹർജി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചു.