തെന്മല ഡാം ജംഗ്ഷനിൽ വെളിച്ചമില്ല ഇരുട്ടിൽ തപ്പി സഞ്ചാരികൾ

Tuesday 06 December 2022 12:03 AM IST
തെന്മല ഡാം ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് നശിപ്പിച്ച നിലയിൽ.

പുനലൂർ: സന്ധ്യകഴിഞ്ഞാൽ തെന്മല ഡാം ജംഗ്ഷൻ ഇരുട്ടിലാവും. ആ ഇരുട്ടിൽ തപ്പിത്തടഞ്ഞാണ് സഞ്ചാരികളുടെ വരവും പോക്കും. നൂറുകണക്കിന് സഞ്ചാരികൾ വരുന്ന ടൂറിസ്റ്റ് കേന്ദ്രമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ തികഞ്ഞ അനാസ്ഥയിലാണ് അധികൃതർ.

തെന്മല ഡാം ജംഗ്ഷനിലെ നാൽക്കവലയിൽ സ്ഥാപിച്ചിരുന്ന ഹൈമാസ് ലൈറ്റ് മൂന്ന് വർഷം മുമ്പ് ചരക്ക് ലോറിയിടിച്ച് നശിച്ചെങ്കിലും ഇത് പുന:സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു.

ഹൈമാസ് ലൈറ്റ് നശിച്ചു

തെന്മല ഇക്കോ ടൂറിസം മേഖലയും പരപ്പാർ അണക്കെട്ടും സന്ദർശിക്കാൻ ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് തെന്മല ഡാം ജംഗ്ഷനിൽ എത്തിക്കൊണ്ടിരിക്കുന്നത്. അണക്കെട്ടിന്റെ പ്രധാന കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഹൈമാസ് ലൈറ്റ് നശിച്ചുപോയതോടെ സന്ധ്യകഴിഞ്ഞാൽ വിനോദ സഞ്ചാരികൾ കൂരിരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്. മുൻ മന്ത്രി കെ.രാജുവിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചായിരുന്നു ഹൈമാസ് ലൈറ്റു സ്ഥാപിച്ചത്.അന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് ലോറി ജീവനക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ലൈറ്റ് പുനസ്ഥാപിച്ചില്ലെന്ന ആരോണവും ഉയർന്നിരുന്നു.

നൂറുകണക്കിന് ടൂറിസ്റ്റുകളാണ് തെന്മലയിൽ എത്തുന്നത്.എന്നാൽ തെരുവ് വിളക്കുകൾ ഇല്ലാത്തത് കാരണം സന്ധ്യകഴിഞ്ഞാൽ ഭയന്നാണ് സഞ്ചാരികൾ ഇതുവഴി കടന്ന് പോകുന്നത്.ടൂറിസം വകുപ്പോ, പഞ്ചായത്തോ ഡാം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കാൻ നടപടിയെടുക്കുന്നില്ല

നാട്ടുകാർ

Advertisement
Advertisement