അമ്പമ്പട, എംബാപ്പേ...

Tuesday 06 December 2022 1:51 AM IST

നാലുകൊല്ലംമുമ്പ് റഷ്യയിൽ ലോകകപ്പുയർത്തിയ ഫ്രാൻസിന് ഇക്കുറി ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുന്നേ പരിക്ക് മൂലം പോൾ പോഗ്ബ,എൻഗോളേ കാന്റേ തുടങ്ങിയ മുൻനിര താരങ്ങളെ നഷ്ടമായിരുന്നു. ടീമിനൊപ്പം പരിശീലനം നടത്തവേ കരിം ബെൻസേമയ്ക്ക് കൂടി പരിക്കേറ്റതോടെ ദിദിയർ ദെഷാംപ്സിന്റെ ടീമിന് ഒരിക്കൽക്കൂടി കപ്പുയർത്താനാവുമോ എന്ന സന്ദേഹം ആരാധകർക്കുണ്ടായി. എന്നാൽ കഴിഞ്ഞ രാത്രി പ്രീ ക്വാർട്ടറിൽ പോളണ്ടിനെ വീഴ്ത്തിയ ഫ്രാൻസിന്റെ കളികണ്ടിരുന്നവർ ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ട് ഗോളുകൾ അടിക്കുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത കിലിയൻ എംബാപ്പെയുടെ തകർപ്പൻ ഫോമാണ് ആരാധകരെ ആവേശക്കൊടുമുടി കയറ്റുന്നത്.

രണ്ട് പതിറ്റാണ്ടിന് ശേഷം ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കാണ് എംബാപ്പെ വഹിച്ചിരുന്നത്. റഷ്യൻ ലോകകപ്പിലാണ് എംബാപ്പെ എന്ന അന്നത്തെ 19കാരന്റെ ഉദയം ലോകം കണ്ടത്. അന്ന് അടിച്ചുകൂട്ടിയ നാലുഗോളുകൾക്ക് അപ്പുറത്തേക്ക് 23 വയസിലെത്തുമ്പോൾ എംബാപ്പെ വളർന്നിരിക്കുന്നു. പരിക്ക് മാറി ബെൻസേമകൂടി തിരിച്ചുവരുമെന്ന വാർത്തകൾ കേൾക്കവേ ‌ ഫ്രാൻസിനെ പിടിച്ചുകെട്ടുക പ്രയാസമാകുമെന്ന് ആരാധകവൃന്ദം കരുതുന്നു.

പോളണ്ടിനെതിരായ പ്രീ ക്വാർട്ടർ ഫൈനലിൽ ഇരട്ട ഗോളുകളുമായി മിന്നിത്തിളങ്ങിയ കിലിയൻ എംബാപ്പെ റെക്കാഡ് ബുക്കിൽ സുവർണലിപികളിലാണ് തന്റെ പേരെഴുതിച്ചേർത്തത്.24വയസിന് മുമ്പ് ലോകകപ്പിൽ എട്ടുഗോളുകൾ നേടിയിരുന്ന പെലെയുടെ റെക്കാഡും എംബാപ്പെ തകർത്തു.

5

ഖത്തർ ലോകകപ്പിലെ ടോപ്പ്‌സ്‌കോറർ പട്ടികയിൽ ഒറ്റയ്ക്ക് ഒന്നാമതെത്താൻ എംബാപ്പെക്കായി. അഞ്ച് ഗോളുകളാണ് ഈ ലോകകപ്പിൽ എംബാപ്പെ ഇതുവരെ നേടിയിരിക്കുന്നത്.

9

ലോകകപ്പുകളിലെ എംബാപ്പെയുടെ ആകെ ഗോളുകളുടെ എണ്ണം ഒമ്പതാണ്. കഴിഞ്ഞ ലോകകപ്പിൽ വരവറിയിച്ച എംബാപ്പെ നാല് ഗോളുകളാണ് നേടിയത്.

4

ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് എംബാപ്പെ.

2

ഒരു ലോകകപ്പിൽ നിന്ന് മാത്രം അഞ്ച് ഗോൾ നേടുന്ന രണ്ടാമത്തെ രണ്ടാമത്തെ ഫ്രഞ്ച് താരമാണ് എംബാപ്പെ. 1958-ൽ ജസ്റ്റ് ഫൊണ്ടയിൻ 13-ഗോളുകൾ നേടിയിരുന്നു.

23

പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ അഞ്ച് ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമാണ് ഈ 23-കാരൻ.

Advertisement
Advertisement