അച്‌ഛന്റെ സഹനങ്ങൾക്ക് മകളുടെ പൊൻ ദക്ഷിണ

Tuesday 06 December 2022 2:26 AM IST

തിരുവനന്തപുരം : സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഐശ്വര്യ സുരേഷ് മീറ്റ് റെക്കാഡോടെ സ്വർണത്തിലേക്ക് ജാവലിൻ പായിക്കുമ്പോൾ ഫോണിലൂടെ മകളുടെ നേട്ടമറിഞ്ഞ പിതാവിന് കരച്ചിലടക്കാനായില്ല. മുൻ കബഡി താരമായിരുന്ന തനിക്ക് നേടാനാകാത്തതോക്കെ മക്കൾ നേടുന്നതിലെ അഭിമാനമായിരുന്നു ചെത്തുതൊഴിലാളിയായ കണ്ണൂർ കൂമൺതോട് വടക്കേക്കൂടി വീട്ടിൽ സുരേഷിന്. മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടക്കാശേരിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഐശ്വര്യ തിരുവനന്തപുരത്ത് 38.16 മീറ്റർ എറിഞ്ഞാണ് മീറ്റ് റെക്കാ‌ഡിട്ടത്. 2019 ൽ തലീത്താ കൂമ്മി സുനിൽ സ്ഥാപിച്ച 34.94 മീറ്ററിന്റെ റെക്കാഡാണ് ഐശ്വര്യ പഴങ്കഥയാക്കിയത്.

മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ സുരേഷ് 2006ൽ തെങ്ങിൽ നിന്ന് വീണ് മൂന്ന് വർഷം കിടപ്പായിപ്പോയിരുന്നു.

പലയിടത്തു നിന്നും കടംവാങ്ങിയും മറ്റും ലക്ഷങ്ങൾ ചെലവാക്കിയ ചികിത്സയ്‌ക്ക് ശേഷമാണ് സുരേഷ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ജില്ലാ തലത്തിൽ കബഡി മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ സുരേഷ് സാമ്പത്തിക പരാധീനതമൂലം കളി ഉപേക്ഷിച്ച് കൂലിപ്പണിയിലേക്ക് തിരിയുകയായിരുന്നു. തന്റെ ഗതി കായിക താരങ്ങളായ മക്കൾക്ക് ഉണ്ടാകരുതെന്ന വാശി സുരേഷിനുണ്ടായിരുന്നു.
എങ്കിലും അത്‌ലറ്റിക്സ് താരമായിരുന്ന മൂത്ത മകന് പരിക്ക് വെല്ലുവിളിയായി ചെറുപ്രായത്തിൽ തന്നെ ട്രാക്ക് വിടേണ്ടിവന്നു.

ദീർഘദൂര ഓട്ടക്കാരിയായിരുന്ന രണ്ടാമത്തെ മകൾ അശ്വതി ജില്ലാ സ്കൂൾ കായിക മേളയിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

ഭാര്യ സിന്ധു മാവേലി സ്റ്റോറിലെ ദിവസ വേതന ജീവനക്കാരിയാണ്. ഷോട്ട് പുട്ടിലെ ഏറ് കണ്ടാണ് സി.എച്ച്.എം.എച്ച്.എസ്.എസിലെ കോച്ച് ശ്രീശൻ ഐശ്വര്യയെ ജാവലിനിലേക്ക് വഴി തിരിക്കുന്നത്. ജൂനിയർ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ രണ്ടു സ്വർണവും വെള്ളിയും നേടിയിരുന്നു.

Advertisement
Advertisement