ഗിരീഷിന് മകന്റെ റെക്കാഡ് തിളക്കമുള്ള ഗുരുദക്ഷിണ

Tuesday 06 December 2022 2:29 AM IST

തിരുവനന്തപുരം: ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ പിതാവും പരിശീലകനുമായ കെ.സി ഗിരീഷിനെ സാക്ഷിയാക്കി റെക്കാഡ് തിളക്കത്തിൽ സ്വർണം എറിഞ്ഞിട്ട് കാസർകോഡിന്റെ കെ.സി സർവാൻ. 50.93 മീറ്റർ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞാണ് സർവാൻ റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയത്. സീനിയർ വിഭാഗത്തിൽ തന്റെ സഹോദരൻ സിദ്ധാർത്ഥ് കെ.സി 2018ൽ സ്ഥാപിച്ച 53.47 എന്ന റെക്കാഡ് മറികടക്കാൻ അടുത്ത മീറ്റിൽ എത്താമെന്ന പ്രതീക്ഷയോടെയാണ് സർവാനും ഇന്നലെ സ്റ്റേഡിയം വിട്ടത്. കുട്ടമത്ത് ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിയായ സർവാൻ കുവൈറ്റിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. വെള്ളി മെഡൽ വിജയിയായിരുന്നു.

ആറുപേരുമായെത്തി എട്ടുമെഡലും

ഒരുപിടി റെക്കാഡുകളുമായി മടക്കം

കാസർകോട് നിന്ന് ആറുപേരുമായെത്തി എഴ് സ്വർണവും വെള്ളിയുമടക്കം എട്ട് മെഡലുകളുമായി തലയുർത്തിയാണ് ഗിരീഷ് കുമാറിന്റെ കെ.സി ത്രോസിലെ ചുണക്കുട്ടികളുടെ മടക്കം. കാസർകോടിന് ഇതുവരെ ലഭിച്ച 10 മെഡലുകളിൽ എട്ടും കെ.സിയിലെ പിള്ളർ എറിഞ്ഞ് വാങ്ങിയവയാണ്.

പാർവണ ജിതേഷ്, അഖില രാജു, അനുപ്രിയ വി.എസ് എന്നിവർ ഡബിൾ സ്വർണ നേട്ടം കരസ്ഥമാക്കിയിരുന്നു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ഷോട്ട്പുട്ടിലും മീറ്റ് റെക്കാഡോടെയുമാണ് പാർവണയുടെ നേട്ടം. സീനിയർ പെൺകുട്ടികളുടെ ഡിസകസ് ത്രോയിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടിയ അഖില രാജു ഷോട്ട്പുട്ടിലും സുവ‌ർണ നേട്ടം ആവർത്തിച്ചു. ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മീറ്റ് റെക്കാഡോടെയും ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനവുമായാണ് അനുപ്രിയ സ്വർണം നേടിയത്. ഈ വിഭാഗത്തിൽ അക്കാഡമിയിലെ തന്നെ ഹെനിൻ എലിസബത്ത് വെള്ളി നേടി. ഡിസ്‌കസ് ത്രോയിലും അനുപ്രിയ സ്വർണനേട്ടം ആവർത്തിച്ചു.ഡിസ്‌കസ് ത്രോ ഷോട്ട് പുട്ട് വിഭാഗങ്ങളിലെ 1993, 1994 സ്‌കൂൾ മേളയിലെ ചാമ്പ്യനായിരുന്നു പരിശീലകൻ ഗിരീഷ് കുമാർ. 1999 മുതൽ 2006 വരെ അമച്വർ അത്‌ലറ്റിക് മീറ്റ് സംസ്ഥാന ചാമ്പ്യനുമായിരുന്നു.

Advertisement
Advertisement