'ഇത്രയും വർഷമായിട്ടും സ്‌പീക്കർ പദവിയിൽ ഒരു വനിത ഇരുന്നിട്ടില്ലെന്നത് ദു:ഖകരം'; സഭാ നടപടി നിയന്ത്രിച്ച അനുഭവം വ്യക്തമാക്കി കെ കെ രമ

Tuesday 06 December 2022 10:40 PM IST

സ്‌പീക്കറുടെ പാനലിലേക്ക് മൂന്ന് വനിതകളെ നിയമിച്ചതായി നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. വടകര എംഎൽഎയായ കെ.കെ രമ ഇന്ന് സ്‌പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചിരുന്നു. ഈ അനുഭവം വ്യക്തമാക്കിയും ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചും കെ.കെ രമ കുറിച്ച ഫേസ്‌ബുക്ക് പോസ്‌റ്റ് ശ്രദ്ധേയമാകുന്നു.

മൂന്ന് വനിതകൾ സ്‌പീക്കർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷമാക്കുന്നതിലൂടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള‌ള പ്രതിസന്ധി വ്യക്തമാകുന്നു. സ്വാതന്ത്ര്യം നേടി ഇത്ര വർഷമായിട്ടും സ്‌പീക്കർ പദവിയിൽ ഒരു സ്‌ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്‌തുതയാണെന്നും രമ ചൂണ്ടിക്കാട്ടുന്നു.

കെ കെ രമയുടെ ഫേസ്‌ബുക്ക് പോസ്‌റ്ര് പൂർണരൂപം ചുവടെ:

ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്‌നേഹമറിയിക്കുന്നു.
എങ്കിലും സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്.
ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം.
ഈ അഭിമാനനിമിഷം സ:ടി.പിക്ക് സമർപ്പിക്കുന്നു.
കെ.കെ.രമ