എം.ജി പി.വി.സിയുടെ സർട്ടിഫിക്കറ്റിൽ ഭാര്യ കുസാറ്റ് പ്രൊഫസറായി

Wednesday 07 December 2022 12:00 AM IST

തിരുവനന്തപുരം: എം.ജി സർവകലാശാലാ പി.വി.സി ഡോ.സി.ടി അരവിന്ദകുമാ‌ർ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകി ഭാര്യ ഡോ. ഉഷയെ കുസാറ്റിൽ പ്രൊഫസറാക്കിയെന്ന് ആക്ഷേപം. കുസാറ്റ് എൻവയോൺമെന്റ് പഠന വകുപ്പിൽ പ്രൊഫസറായി നേരിട്ട് നിയമനം ലഭിച്ച ഉഷയുടെ ശമ്പളം മാസം രണ്ട് ലക്ഷം രൂപയാണ്.

എം.ജിയിലെ എൻവയോൺമെൻറ് സയൻസ് വകുപ്പിന്റെ ഡയറക്ടർ കൂടിയായ അരവിന്ദകുമാർ സ്വന്തം വകുപ്പിലെ പ്രോജക്ടുകളിൽ താത്കാലിക നിയമനം നൽകിയാണ് ഭാര്യയ്‌ക്ക് പരിചയം ഒരുക്കിയത്. സർവകലാശാലകളിലെ പരീക്ഷാ പരിഷ്‌കരണ കമ്മിഷന്റെ ചെയർമാനുമാണ് അരവിന്ദകുമാർ.

രസതന്ത്രത്തിൽ ഡോക്ടറേറ്റുള്ള ഉഷ എം.ജിയിലെ വിമൻസ് സയന്റിസ്റ്റ് പ്രോജക്ടിൽ മൂന്നര വർഷം ഇൻവെസ്റ്റിഗേറ്ററും സി.എസ്.ഐ.ആർ പ്രോജക്ടിൽ രണ്ട് വർഷം പൂൾ ഓഫീസറും ആയിരുന്നു. ഇതെല്ലാം കരാർ നിയമനങ്ങളാണ്. പ്രോജക്‌ടുകളിലെ കാലയളവ് ഉൾപ്പെടെ 2003 മുതൽ 2015 വരെ ഗസ്റ്റ്‌ അധ്യാപന പരിചയമുണ്ടെന്ന സർട്ടിഫിക്കറ്റാണ് ഭർത്താവായ പി.വി.സി നൽകിയത്. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് യോഗ്യത നേടിയത്. അഭിമുഖത്തിന് ഹാജരാക്കിയ പ്രസിദ്ധീകരണങ്ങൾ ഉഷ ഭർത്താവുമായി ചേർന്ന് തയ്യാറാക്കിയവയാണ്. പ്രൊഫസർ പദവിക്കുള്ള യോഗ്യത നേടാൻ ഉഷയ്‌ക്ക് ചട്ടവിരുദ്ധമായി ഗൈഡ്‌ഷിപ്പും അനുവദിച്ചിരുന്നു.

യു. ജി. സി ചട്ടപ്രകാരം ഗസ്റ്റ് അധ്യാപനം അധ്യാപന പരിചയമല്ല. നേരിട്ടുള്ള പ്രൊഫസർ നിയമനത്തിന് അസി. പ്രൊഫസർ, അസോ. പ്രൊഫസർ അല്ലെങ്കിൽ സമാന തസ്തികയിൽ പത്തു വർഷത്തെ അദ്ധ്യാപന പരിചയമാണ് വേണ്ടത്.

ഉയർന്ന അക്കാഡമിക് യോഗ്യതകളും അധ്യാപന പരിചയവും ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ള ഉദ്യോഗാർത്ഥികളെ തഴഞ്ഞാണ് ഉഷയെ നിയമിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സർക്കാർ കുസാറ്റ് വി. സിയായി നിയമിച്ച ഡോ.കെ.എൻ മധുസൂദനൻ ആദ്യം നടത്തിയ നിയമനമാണ് ഉഷയുടേത്.

ഗൈഡ്‌ഷിപ്പും ചട്ടവിരുദ്ധം

സ്ഥിരം അധ്യാപകർക്ക് മാത്രമേ ഗവേഷണ ഗൈഡ് ആയി നിയമനം നൽകാവൂ എന്ന യു.ജി.സിയുടെയും സർവകലാശാലയുടെയും ചട്ടങ്ങൾ ലംഘിച്ചാണ് താത്കാലിക പ്രോജക്ട് ഉദ്യോഗസ്ഥയായിരുന്ന ഉഷയ്‌ക്ക് ഗൈഡ്ഷിപ്പ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ എം.ജി വൈസ് ചാൻസലറായിരിക്കെയാണ് ഗൈഡ്ഷിപ്പ് അനുവദിച്ചത്. നാല് കുട്ടികൾ ഇവരെ ഗൈഡാക്കി ഗവേഷണവും നടത്തി.

ഡോ.ഉഷയുടെ നിയമനം റദ്ദാക്കണമെന്നും എം.ജി പി.വി.സിക്കും കുസാറ്റ് വി.സിക്കുമെതിരെ നടപടി സ്വീകരിക്കമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

ഡെപ്യൂട്ടേഷൻ കാലം അദ്ധ്യാപന പരിചയമായി കാട്ടി കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിനെ അദ്ധ്യാപന പരിചയം ഇല്ലെന്ന് കണ്ടെത്തി ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു.

Advertisement
Advertisement