ഭണ്ഡാരം നിറഞ്ഞുകവിഞ്ഞു, പണം എണ്ണാൻ ആളില്ല

Wednesday 07 December 2022 12:17 AM IST

ശബരിമല : തീർത്ഥാടക തിരക്ക് ഏറിയതോടെ ശബരീശന്റെ ഭണ്ഡാരം നിറഞ്ഞുകവിയുകയാണ്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സമയബന്ധിതമായി പണമെണ്ണി തീർക്കാൻ കഴിയുന്നില്ല. 141 ജീവനക്കാരാണ് പണം എണ്ണാനുള്ളത്. കുറഞ്ഞത് 200 പേരങ്കിലും ഉണ്ടെങ്കിൽ മാത്രമെ അന്നന്ന് വരുന്ന കാണിക്ക പൂർണമായും എണ്ണി തിട്ടപ്പെടുത്താൻ കഴിയു. ശ്രീകോവിലിന് മുന്നിലെ ഹുണ്ടികയിൽ നിന്ന് കൺവയർബെൽ​റ്റ് വഴി വരുന്ന പണവും ശബരീപീഠം മുതൽ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 145 കാണിക്കകളിലെ പണവുമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണിതിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്.

നാണയങ്ങൾ തരംതിരിക്കുന്നത് യന്ത്റസംവിധാനം വഴിയാണ്. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 4.30 മുതൽ 9.30 വരെ രണ്ട് ഷിഫ്റ്റ് ആയാണ് പ്രവർത്തനം. നോട്ടുകളാണ് ഇപ്പോൾ ഭണ്ഡാരത്തിൽ കൂടുതൽ എത്തുന്നത്. നാണയങ്ങൾ എണ്ണി തീർക്കുന്നതിനാണ് കാലതാമസം. പല വലിപ്പമുള്ള നാണയങ്ങൾ ഉള്ളതിനാൽ യന്ത്റത്തിൽ എണ്ണാൻ കഴിയില്ല. തിരക്ക് കൂടുന്നതോടെ പഴയ ദണ്ഡാരം കൂടി തുറക്കേണ്ടിവരും. ഇതിനായി കൂടുതൽ ജീവനക്കാരെയും ഗാർഡ് ഡ്യൂട്ടിക്കാരെയും നിയമിക്കണം. പുതിയ ഭണ്ഡാരത്തിന് സ്ഥലസൗകര്യക്കുറവുമുണ്ട്. വൈക്കത്ത് നിന്ന് അടുത്ത ദിവസങ്ങളിൽ അമ്പതോളം ജീവനക്കാർ എത്തുമെന്നും ഇതോടെ പ്രതിസന്ധി പരിഹരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

Advertisement
Advertisement