20 രൂപയ്ക്ക് ഊണ്, കുടുംബശ്രീ ഹോട്ടലുകൾ കടക്കെണിയിൽ

Wednesday 07 December 2022 12:00 AM IST

കൊച്ചി: സർക്കാർ വാഗ്ദാനംചെയ്തിരുന്ന സബ്സിഡി കൃത്യമായി കിട്ടാതായതോടെ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ജനകീയ ഹോട്ടലുകൾ കടക്കെണിയിലായി. ഏഴു മാസത്തെ സബ്സി​ഡി​ കുടിശികയിൽ മൂന്നു മാസത്തെ തുക മാത്രമാണ് കഴിഞ്ഞ ആഴ്ച നൽകിയത്. 14 ജില്ലകൾക്കായി 10 കോടി രൂപയാണ് അനുവദിച്ചത്.

'വിശപ്പുരഹിത കേരളം' ലക്ഷ്യമാക്കി​ ​ 2020 -21ലെ ബഡ്ജറ്റിലാണ് ജനകീയ ഹോട്ടൽ പദ്ധതി പ്രഖ്യാപിച്ചത്. വർഷം 60 കോടി സബ്‌സിഡിക്കായി നീക്കിവച്ചിട്ടുണ്ട്. അതിൽ ഈ സാമ്പത്തികവർഷം മൊത്തം 30 കോടിയാണ് ഇതുവരെ അനുവദിച്ചത്. 30 കോടി​ ബാക്കി​യാണ്.

1171 ജനകീയ ഹോട്ടലുകളാണ് കൊവിഡ് കാലത്ത് ആരംഭിച്ചത്. ഇപ്പോൾ 1198ലെത്തി. രണ്ടു മാസമായി പുതിയതൊന്നും തുടങ്ങിയിട്ടില്ല. അനി​വാര്യമെങ്കിൽ മാത്രം അനുവദിച്ചാൽ മതിയെന്നാണ് ധനകാര്യ വകുപ്പിന്റെ നിർദ്ദേശം.

50 മുതൽ 2500 ഊണ് വരെയാണ് ജനകീയ ഹോട്ടലുകളിലെ പ്രതിദിന വില്പന. മൂന്നു മുതൽ മുപ്പതു വരെ കുടുംബശ്രീക്കാർ ഒരോ ഹോട്ടലിന്റെയും അണിയറയിലുണ്ട്. 20 രൂപയ്ക്ക് ഊണു കൊടുക്കുമ്പോൾ പത്തു രൂപ സർക്കാർ നൽകുമെന്നാണ് വ്യവസ്ഥ. അയ്യായിരത്തോളം സ്ത്രീകൾക്ക് ഉപജീവന മാർഗവുമാണ്.

കൂടുതൽ ജനകീയ ഹോട്ടലുകൾ മലപ്പുറത്ത് : 138

കുറവ് വയനാട്ടിൽ : 30.

കൊച്ചി സമൃദ്ധി വിജയഗാഥ

പത്തു രൂപ ഊണിലൂടെ പ്രശസ്തമായ കൊച്ചിയിലെ സമൃദ്ധിയിൽ ശരാശരി 2500 പേരാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. പ്രഭാതഭക്ഷണം, അത്താഴം, നോൺവെജ് വിഭവങ്ങൾ എന്നിവയുടെ കച്ചവടത്തിലൂടെയാണ് സമൃദ്ധി പിടിച്ചുനിൽക്കുന്നത്.

സബ്‌സിഡി അരി വേണ്ട

സപ്ളൈകോ വഴി കുറഞ്ഞ നിരക്കിൽ റേഷനരി അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകൾ താത്പര്യം കാണിക്കുന്നില്ല. പൊതുവിപണിയിൽ നിന്നാണ് അരി വാങ്ങുന്നത്. നിത്യേന 500 രൂപ വീതം മുമ്പ് വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ കടം മാത്രമാണ് മിച്ചം.

ആനി, ജനകീയ ഹോട്ടൽ, വെണ്ണല

ബാക്കി തുക ഉടൻ

ജൂണിൽ 20 കോടി സബ്സിഡി നൽകി. കഴിഞ്ഞ ആഴ്ച പത്തു കോടി കൂടി വന്നു. ബാക്കി 30 കോടി അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യം തദ്ദേശവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

ജാഫർ മാലിക്,

കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്‌ടർ

Advertisement
Advertisement