ജീവനക്കാരുടെ ആനുകൂല്യം വെട്ടിച്ചുരുക്കില്ല: ധനമന്ത്രി

Wednesday 07 December 2022 1:58 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കില്ലെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി മാറിയാലുടൻ നൽകുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. കരാറുകാർക്ക് 1,212. 76 കോടിയുടെ കുടിശിക നൽകാനുണ്ട്.

കേന്ദ്രത്തിന്റെ വികലമായ നയങ്ങളും അവധാനതയില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും ഇതിലൂടെ വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം കൃത്യ സമയത്ത് നൽകാത്തതുമാണ് സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടാനുള്ള കാരണം. ഈ വർഷം മാത്രം 9000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. നികുതി പിരിവ് ഊർജ്ജിതപ്പെടുത്തിയും അനാവശ്യ ചെലവുകൾ ഒഴിവാക്കിയും ചെലവുകളിൽ മിതത്വം പാലിച്ചും നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതം വെട്ടിച്ചുരുക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ യോജിച്ച പ്രക്ഷോഭം നിയമസഭയിൽ നിന്നും ഉയരണം. കേന്ദ്ര നടപടിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്ന നടപടിയല്ല പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. കഴിഞ്ഞ വർഷം മദ്യത്തിൽ നിന്ന് നികുതിയിനത്തിൽ പിരിച്ചെടുത്തത് 12,700 കോടിയാണ്. ലോട്ടറിയിൽ നിന്നും 559.64 കോടിയും എക്സൈസ് ഡ്യൂട്ടിയായി 2,009.37 കോടിയും പിരിച്ചെടുത്തു.

Advertisement
Advertisement