അനധികൃത മണൽവാരൽ: കർശന നടപടിയെന്ന് മന്ത്രി രാജൻ

Wednesday 07 December 2022 12:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളുടെ മലിനപ്പെടുത്തലും അനധികൃത മണൽവാരലും തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് റവന്യുമന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണൽവാരലുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനുള്ള പിഴത്തുക 25,000 രൂപയിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തുന്നതെന്നും 2022-ലെ കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

പിഴതുക വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി ശിക്ഷാകാലാവധി ഉയർത്തിയാലേ നിയമത്തിന് ശക്തികിട്ടൂ എന്ന് തടസവാദമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. എന്നാൽ പിഴത്തുകയ്ക്ക് ആനുപാതികമായി ശിക്ഷാകാലാവധി ഉയർത്തുന്നത് അപ്രായോഗികമാണെന്ന് മന്ത്രി രാജൻ വിശദമാക്കി. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.