കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കും സ്റ്റേ

Wednesday 07 December 2022 12:31 AM IST

കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ മജിസ്ട്രേട്ട് കോടതിയിലെ വിചാരണയ്ക്കും ഹൈക്കോടതിയുടെ സ്റ്റേ. പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയുടെ ഉത്തരവു നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സർക്കാർ നൽകിയ ഹർജിയിലായിരുന്നു ഇത്. ഇന്നലെ വീണ്ടും ഹർജി പരിഗണനയ്ക്കു വന്നപ്പോൾ കേസിന്റെ വിചാരണ മജിസ്ട്രേട്ട് കോടതിയിലേക്ക് വിട്ടതടക്കമുള്ള നടപടികളും സ്റ്റേ ചെയ്തതായി ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. ഹർജി ക്രിസ്‌മസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും.

നരഹത്യ, തെളിവു നശിപ്പിക്കൽ, മദ്യപിച്ചു വാഹനം ഓടിക്കൽ, അമിത വേഗത്തിലുള്ള ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റവിമുക്തനാക്കണമെന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഹർജിയിൽ അഡി. സെഷൻസ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കി. വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചു. തുടർന്നാണ് നരഹത്യാ കുറ്റം ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ഒഴിവാക്കിയതു സ്റ്റേ ചെയ്തിരുന്നെങ്കിലും മജിസ്ട്രേട്ട് കോടതിയിലേക്ക് വിചാരണ മാറ്റിയ നടപടി സ്റ്റേ ചെയ്തിരുന്നില്ല.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്ത് മ്യൂസിയം - വെള്ളയമ്പലം റോഡിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിലോടിച്ച കാറിടിച്ചു ബഷീർ മരിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.

Advertisement
Advertisement