ലാത്വിയൻ യുവതിയുടെ കൊല:ആദ്യം വീഴ്‌ച,​ പിന്നെ ഉണർന്ന് പൊലീസ്

Wednesday 07 December 2022 12:36 AM IST

തിരുവനന്തപുരം: ലോകത്തിനു മുന്നിൽ കേരളത്തിന് നാണക്കേടായ ലാത്‌വിയൻ യുവതിയുടെ കൊലക്കേസിലും പൊലീസിന് തുടക്കത്തിൽ വീഴ്ചയുണ്ടായി. യുവതിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതി കോവളം, പോത്തൻകോട്, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ഗൗരവമായെടുത്തില്ല. ഇതോടെ യുവതിയുടെ സഹോദരി സ്വന്തം നിലയിൽ അന്വേഷിച്ചു. ഒരുമാസത്തോളം സഹോദരിയെത്തേടി അവർ ബീച്ചുകളിൽ അലഞ്ഞു. വിവരം നൽകുന്നവർക്ക് 5ലക്ഷം രൂപ പ്രഖ്യാപിച്ച് പരസ്യം നൽകി. ഇത് വാർത്തയാവുകയും ഹൈക്കമ്മിഷനും എംബസിയും ഇടപെടുകയും ചെയ്തശേഷമാണ് പൊലീസ് ഉണർന്നത്.

ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരനു നൽകിയെന്നും തുടർന്നു നടന്നു പോയെന്നും വിവരം കിട്ടിയതാണ് നിർണായകമായത്. ചില സ്ഥാപനങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും തുമ്പുകിട്ടിയില്ല. കടൽത്തീരങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. കാണാതായി 38 ദിവസത്തിനു ശേഷം മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രതികളെ പൊലീസ് കണ്ടെത്തി.

കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണു പൊലീസ് പറയുന്നത്.സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നൽകി കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ആത്മഹത്യയെന്നു വരുത്താൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി.പിന്നീട് പല ദിവസവും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. വള്ളി അഴുകി ശരീരം പൊട്ടിവീണു.

കുറ്റപത്രത്തിൽ 104 സാക്ഷികൾ ഉണ്ടായിരുന്നു. ഇതിൽ 30 പേരെയാണു പ്രോസിക്യൂഷൻ വിസ്‌തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടു പേർ കൂറു മാറി.

തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാറും കോവളത്തെ കടയുടമ ഉമറുമാണു കൂറുമാറിയത്. കുറ്റപത്രം നൽകി മൂന്ന് വർഷത്തിനു ശേഷമാണു വിധി.

പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്നു പരിചയപ്പെടുത്തി യുവതിയെ സമീപിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്നു വിശ്വസിപ്പിച്ച് എൻജിൻ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിച്ചു. ലഹരി ബീഡി നൽകി പീഡിപ്പിച്ചു. ഉറക്കമുണർന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്നു

കൊലപ്പെടുത്തിയെന്നാണു പ്രതികളുടെ കുറ്റസമ്മത മൊഴി.

ചൂണ്ടയിടാൻ പോയ യുവാക്കളാണ് കണ്ടൽ‌ക്കാട്ടിൽ അഴുകിയ മൃതദേഹം കാണുന്നത്. മരിച്ചതു വിദേശ വനിതയാണെന്നു ഡിഎൻഎ പരിശോധന സ്ഥിരീകരിച്ചു. സമീപത്തു ചീട്ടുകളിച്ചിരുന്നവരാണു പ്രതികളെക്കുറിച്ചുള്ള സൂചന നൽകിയത്. പ്രതികളുടെ വീടിനടുത്തുള്ളവരും നിർണായക വിവരങ്ങൾ നൽകി. ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ 6 കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്.ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണു ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു വിഹാരകേന്ദ്രം.