ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് വിദേശ പൗരന് പരിക്ക്

Wednesday 07 December 2022 1:30 AM IST

കൊല്ലം: മൺറോത്തുരുത്ത് സന്ദർശിക്കാനെത്തിയ വിദേശ പൗരന് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് ഗുരുതരമായി പരിക്കേറ്റു. ഫ്രാൻസ് സ്വദേശി ഡിഡിയർ ചാൾസ് ഹെൻറിക്കാണ് (65) പരിക്കേറ്രത്.

ഇന്നലെ രാത്രി എഴോടെ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് എറുണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ വരുകയായിരുന്നു ഡിഡിയർ ചാൾസ് ഹെൻറി. മൺറോതുരുത്തിൽ തങ്ങാനായി അദ്ദേഹം നേരത്തെ ഹോം സ്റ്റേ ബുക്ക് ചെയ്തിരുന്നു. ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് തുരുത്ത് എത്തിയ വിവരം ഹെൻറി അറിഞ്ഞത്. പെട്ടെന്ന് ചാടിയിറങ്ങുന്നതിനിടയിൽ പ്ലാറ്റ്ഫോമിൽ കാൽ തെറ്റി വീഴുകയായിരുന്നു. വലത് തുടയെല്ല് പൊട്ടിമാറി. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഭിജിത്ത് എന്നിവർ ചേർന്നാണ് ഹെൻറിയെ ആശുപത്രിയിലെത്തിച്ചത്.

Advertisement
Advertisement