ഗവർണറെ എത്രയും വേഗം തിരികെ വിളിക്കണം, സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കുന്നു; ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം പി

Wednesday 07 December 2022 11:18 AM IST

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. സി പി എമ്മിന്റെ എം പിയായ എ എം ആരിഫ് ആണ് നോട്ടീസ് നൽകിയത്. ഗവർണറെ തിരിച്ചുവിളിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഗവർണർ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ഗവർണറുടെ ഇടപെടൽ മൂലം സർക്കാരിന് മുന്നോട്ടുപോകാനാകുന്നില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പതിനൊന്ന് മണിയ്ക്ക് സഭാസമ്മേളനം ആരംഭിച്ചു.

അതേസമയം, പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള‌ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അവതരണാനുമതി നൽകിയിരുന്നു. ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതലകൾ വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.

ബിൽ ഈ മാസം 13ന് പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇംഗ്ളീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇംഗ്ളീഷ് പരിഭാഷയിലുള‌ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ളീഷ് പരിഭാഷയ്‌ക്ക് ഗവർണറുടെ അനുമതി ആവശ്യമാണ്. സർവകലാശാല ചട്ടങ്ങൾ എട്ടും ഇംഗ്ളീഷിലാണ്. എന്നാൽ ചാൻസല‌ർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. അതിനാൽ തന്നെ ബില്ലിലും ഗവർണർ ഒപ്പിടാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement