'മൃതദേഹത്തിനുള്ളിൽ ജീവനുള്ള പാമ്പ്'; ജോലിയ്ക്കിടെ ഉണ്ടായ അനുഭവം പങ്കുവച്ച് ഓട്ടോപ്സി ടെക്നീഷ്യൻ

Wednesday 07 December 2022 12:30 PM IST

വളരെ കഠിനമായ ജോലികളിലൊന്നാണ് മൃതദേഹപരിശോധനാ സാങ്കേതിക വിദഗ്‌ദ്ധർ അഥവാ ഓട്ടോപ്സി ടെക്നീഷ്യന്മാരുടേത്. ജോലിയുടെ ഭാഗമായി അവർക്ക് കൂടുതലും ഇടപഴകേണ്ടി വരുന്നത് മൃതദേഹങ്ങളുമായിട്ടാവും. അമേരിക്കയിലെ മേരിലാൻഡിൽ നിന്നുള്ള ഓട്ടോപ്സി ടെക്നീഷ്യനായ ജെസീക്ക ലോ​ഗൻ തന്റെ ജോലിക്കിടെയുണ്ടായ ഒരു അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

പരിശോധനയ്ക്കിടെ ശവശരീരത്തിനുള്ളിൽ നിന്ന് ജീവനുള്ള ഒരു പാമ്പിനെ കണ്ടെത്തിയതാണ് ജെസീക്കയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം. ഓട്ടോപ്സി ടെക്നീഷ്യൻ ആവുക എന്നത് താൻ ആഗ്രഹിച്ച് തിരഞ്ഞെടുത്ത ജോലി അല്ല എന്നാണ് ജെസീക്ക പറയുന്നത്. എന്നാൽ ഇപ്പോൾ ഇഷ്ടത്തോടെ തന്നെയാണ് ജോലിയിൽ തുടരുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളാകും ഉണ്ടാവുക എന്നും ജെസീക്ക പറയുന്നു. അത്തരത്തിൽ ഒന്നാണ് മൃതദേഹത്തിനുള്ളിൽ നിന്ന് ജീവനുള്ള പാമ്പിനെ കിട്ടിയത്.

'കണ്ടയുടൻ നിലവിളിച്ചുകൊണ്ട് മുറിയാകെ ഓടി. ഒപ്പമുള്ളവർ പാമ്പിനെ മാറ്റുന്നത് വരെ ഞാനങ്ങോട്ട് പോയില്ല. ജീവനില്ലാത്ത ശരീരത്തിലേയ്ക്ക് പാമ്പ് നുഴഞ്ഞ് കയറിയതാവാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പലപ്പോഴും പ്രാണികളെയും പുഴുക്കളെയും കാണേണ്ടിവരാറുണ്ട്. എന്നാൽ പാമ്പിനെ കണ്ടത് എന്നെ പരിഭ്രാന്തയാക്കി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. മഞ്ഞുകാലം ആണെങ്കിൽ മൃതശരീരം ഉറച്ചിരിക്കും. ആ സമയത്ത് ഇത്തരം ജീവികൾ കുറവായിരിക്കും. എന്നാൽ ചൂടുള്ളതും അഴുകിയതുമായ ശരീരമാണെങ്കിൽ നിറയെ പ്രാണികളും പുഴുക്കളും ഉണ്ടാകും. '- ജെസീക്ക പറഞ്ഞു.

Advertisement
Advertisement