ആലപ്പുഴയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു, വിശദീകരണവുമായി സൂപ്രണ്ട്

Wednesday 07 December 2022 2:45 PM IST

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ദാരുണമായ സംഭവം ചികിത്സാപിഴവ് മൂലമാണ് ഉണ്ടായതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടിട്ടുണ്ട്. വിദഗ്ധ സമിതി രൂപീകരിക്കാനാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം മരണപ്പെട്ട യുവതിയുടെ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്ന് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം പറഞ്ഞു. പ്രസവ സമയത്ത് 20 ശതമാനത്തിന് താഴെയായിരുന്നു അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയമിടിപ്പ്. പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചത്. ഹൃദയമിടിപ്പ് കുറഞ്ഞതിനെ തുടർന്ന് അമ്മയെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരണപ്പെട്ടത്. യുവതിക്ക് മതിയായ ചികിത്സ നൽകാൻ സമയത്ത് ആശുപത്രിയിൽ സീനിയർ ഡോക്ടർമാർ ആരുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

ആദ്യം അറിയിച്ചത് കുഞ്ഞ് മരിച്ചെന്ന്

കഴിഞ്ഞ ശനിയാഴ്ച പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അപർണയെ (22) ഇന്നലെ രാവിലെ എട്ടോടെയാണ് ലേബർ റൂമിലാക്കിയത്. വൈകിട്ട് മൂന്നായപ്പോൾ കുഞ്ഞിന്റെ പൊക്കിൾകൊടി പുറത്ത് വന്നെന്നും ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കളെ അറിയിച്ച ശേഷം ഓപ്പറേഷൻ തീയറ്ററിലേക്കു മാറ്റി. പെൺകുട്ടി ആയിരുന്നെന്നും കുട്ടി മരിച്ചെന്നുമാണ് നാലോടെ അറിയിച്ചത്. തുടർന്ന്, അപർണയ്ക്ക് ഹൃദയമിടിപ്പ് കുറഞ്ഞെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അമ്മയും മരിച്ചത്. രക്തസമ്മർദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വച്ചത്.

Advertisement
Advertisement