ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം,​ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറെ മാറ്റിനിറുത്താൻ തീരുമാനം

Wednesday 07 December 2022 7:50 PM IST

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോപണവിധേയനായ ഡോക്ടറെ മാറ്റിനിറുത്താൻ തീരുമാനം. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ മാറ്റിനിറുത്താൻ തീരുമാനമെടുത്തത്. ഡോക്ടറോട് അവധിയിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചു. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ നേരത്തെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപർണയെ (21) തിങ്കളാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വേദനയെ തുടർന്ന് ലേബർ റൂമിലേക്ക് മാറ്റി. കുഞ്ഞ് ഇന്നലെ രാത്രിയും അപർണ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. പ്രസവസമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാർത്ഥികളാണ് ഓപ്പറേഷൻ നടത്തിയതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.