രോഹിത്തിന്റെ പോരാട്ടം പാഴായി; ടീം ഇന്ത്യയ്‌ക്ക് പരമ്പര നഷ്‌ടത്തിന്റെ നാണക്കേട്, ബംഗ്ളാദേശ് വിജയം അഞ്ച് റൺസിന്

Wednesday 07 December 2022 8:32 PM IST

ധാക്ക: അവസാന ഓവറുകളിൽ നായകൻ രോഹിത്ത് ശർമ്മയുടെ ശക്തമായ പോരാട്ടം ഇന്ത്യയ്‌ക്ക് തുണയായില്ല. ബംഗ്ളാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തോറ്റ് ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞു. അഞ്ച് റൺസിനാണ് മത്സരത്തിൽ ബംഗ്ളാദേശ് വിജയിച്ചത്. 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് ഒൻപത് വിക്ക‌റ്റ് നഷ്‌ടത്തിൽ 266 റൺസേ നേടാൻ കഴിഞ്ഞുള‌ളു.

അവസാന ഓവറിൽ 20 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ഇന്ത്യയ്‌ക്ക് 15 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള‌ളു. വിരലിലേറ്റ പരിക്ക് മൂലം ഒൻപതാമനായി മാത്രം ബാറ്റ് ചെയ്യാനിറങ്ങിയ നായകൻ രോഹിത്ത് ശർമ്മ 28 പന്തിൽ 51 റൺസാണ് നേടിയത്. മൂന്ന് ഫോറും അഞ്ച് സിക്‌സറും രോഹിത്ത് പറത്തി. എന്നാൽ നിർണായക സമയത്ത് ഒരോവറിലെ മുഴുവൻ പന്തും മുഹമ്മദ് സിറാജ് റൺസ് നേടാത്തത് കളി ഇന്ത്യയ്‌ക്ക് എതിരെയാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ളാദേശിന് വേണ്ടി കഴിഞ്ഞ കളിയിലെ താരമായ മെഹിദി ഹസൻ ഇന്ന് സെഞ്ചുറി നേടി. 83 പന്തിൽ എട്ട് ഫോറും നാല് സിക്‌സുമടങ്ങിയതായിരുന്നു മെഹിദിയുടെ ഇന്നിംഗ്സ്. മഹ്‌മദുള‌ള 77 റൺസ് നേടി. ഇന്ത്യൻ ബൗള‌ർമാരെ ഇരുവരും ചേർന്ന് ശരിക്കും ശിക്ഷിക്കുകയും ചെയ്‌തതോടെ ബംഗ്ളാദേശ് നിശ്ചിത 50 ഓവറിൽ ഏഴ് ‌വിക്കറ്റ് നഷ്‌ടത്തിൽ 271 റൺസ് നേടി. മുഹമ്മദ് സിറാജ് 10 ഓവറിൽ 73 റൺസാണ് വഴങ്ങിയത്. പേസർ ഉമ്രാൻ മാലിക് പത്തോവറിൽ 58 റൺസും വഴങ്ങി.

പതിവ് ഓപ്പണിംഗ് ജോഡികൾക്ക് പകരമായി കൊഹ്‌ലിയും (5) ശിഖർ ധവാനുമാണ് (8) ഇന്ത്യയ്‌ക്കായി മറുപടി ബാറ്റിംഗിൽ ഓപ്പൺ ചെയ്‌തത്. ഇരുവരും വേഗം മടങ്ങി. മൂന്നാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 82 റൺസ് നേടി ടോപ് ‌സ്‌കോററായി.അക്‌സർ പട്ടേലുമായി (56 പന്തിൽ 56) ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യൻ ബാറ്റർമാർ പതറി. ഇതോടെയാണ് രോഹിത്ത് എത്തി സമീപകാലത്തെ തന്റെ ഉജ്വല പ്രകടനം പുറത്തെടുത്തത്.