പാളയം മാർക്കറ്റ് മാറ്റം കെട്ടിടനിർമാണം അതിവേഗം, മാറാനില്ലെന്ന് വ്യാപാരികൾ

Thursday 08 December 2022 12:35 AM IST
പാളയം പച്ചക്കറി മാർക്കറ്റ്.

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് പറിച്ചുനടാനുള്ള ശ്രമം കോർപ്പറേഷൻ തുടരുമ്പോൾ സമരപരിപാടികളുമായി വ്യാപാരികൾ രംഗത്തേക്ക്. കല്ലുത്താൻകടവിൽ പാളയം മാർക്കറ്റിനായുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മാറാൻ തയ്യാറല്ലെന്ന വ്യാപാരികളുടെ നിലപാട് മറ്റൊരു സമരപരമ്പരയിലേക്കാണ് നീങ്ങുന്നത്. പ്രതിഷേധപരിപാടികളും ചെറുത്തുനിൽപ്പും ആലോചിക്കാൻ കഴിഞ്ഞ ദിവസം വ്യാപാരികളും തൊഴിലാളികളുമടങ്ങുന്ന കോ-ഓർഡിനേഷൻകമ്മിറ്റി യോഗം ചേർന്നു. അതേസമയം വ്യാപാരികളുടെയും തൊഴിലാളികളുടെയും ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സി.പി.ഐ നേതാവും കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാനും പാളയം കൗൺസിലറുമായ പി.കെ.നാസർ പറഞ്ഞു.

പച്ചക്കറി മാർക്കറ്റും ബസ് സ്റ്രാൻഡും മറ്റ് കച്ചവടമേഖലകളുമൊക്കെയായി പാളയം അനുഭവിക്കുന്ന ദുരവസ്ഥ വർഷങ്ങളായി അതേപോലെ തുടരുകയാണ്. അതിലേറെ ദുരവസ്ഥയായിരുന്നു കല്ലുത്താൻ കടവ് കോളനിയുടേത്. ദീർഘകാലത്തെ ആലോചനയ്ക്ക് ശേഷമാണ് കല്ലുത്താൻകടവ് നിവാസികളെ കുടിയൊഴിപ്പിച്ച് പുതിയ ഫ്‌ളാറ്റിലേക്ക് മാറ്റാനും അവിടേക്ക് പാളയം പച്ചക്കറിമാർക്കറ്റ് മാറ്റാനും കോർപ്പറേഷൻ തീരുമാനിച്ചത്. അതുപ്രകാരം കോളനി നിവാസികളെ കുടിയൊഴിപ്പിച്ച് പുതിയ ഫ്‌ളാറ്റുണ്ടാക്കി മാറ്റുകയും പ്രദേശത്ത് മാർക്കറ്റ് പണി തുടങ്ങുകയും ചെയ്തു. അക്കാലം മുതൽ തുടരുന്ന എതിർപ്പാണ് ഇപ്പോഴും പാളയത്തെ വ്യാപാരികളും തൊഴിലാളികളും ഉയർത്തുന്നത്. വ്യാപാരികളുടെയും തൊഴിലാളികളുടെയും ആശങ്ക കോർപ്പറേഷൻ മുഖവിലയ്ക്കെടുക്കുന്നുണ്ട്. ചെറിയ വാടകയിൽ നിന്നും വലിയ വാടകയിലേക്ക് മാറേണ്ടിവരുന്നതും തൊഴിലാളികളുടെ തൊഴിൽ നഷ്ടങ്ങളും നഗരത്തിന്റെ കണ്ണായ സ്ഥലത്ത് നിന്ന് മാറുമ്പോഴുണ്ടാവുന്ന വ്യാപാര നഷ്ടങ്ങളുമെല്ലാമാണ് അവർ ഉയർത്തുന്നത്. ഇത്തരം ആശങ്കകളെല്ലാം ചർച്ചകളിലൂടെ പരിഹരിച്ച് മുന്നോട്ട് പോകാനാണ് കോർപ്പറേഷന്റെ തീരുമാനമെന്ന് കൗൺസിലർ പി.കെ.നാസർ പറഞ്ഞു.
60 കോടിയുടെ പദ്ധതിയാണിത്. കല്ലുത്താൻ കടവ്-പുതിയ പാലം റോഡിനോട് ചേർന്നാണ് മാർക്കറ്റ് സമുച്ചയം. കല്ലുത്താൻകടവ് ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് പുതിയ മാർക്കറ്റ് സമുച്ചയം നിർമിക്കുന്നത്.

35 വർഷത്തെ നടത്തിപ്പു കാലാവധിക്കു ശേഷം സൊസൈറ്റി ഇവ കോർപ്പറേഷന് കൈമാറും. അതുവരെ പച്ചക്കറി മാർക്കറ്റ്, വാണിജ്യ സമുച്ചയം എന്നിവയിൽ നിന്നുള്ള വരുമാനം സൊസൈറ്റിക്ക് എടുക്കാമെന്നാണ് കരാർ.

രണ്ടര ലക്ഷം ചതുരശ്ര വിസ്തൃതിയിൽ നിർമിക്കുന്ന മാർക്കറ്റിൽ 100 ചില്ലറ വിൽപ്പനക്കാർക്കും 33 മൊത്തക്കച്ചവടക്കാർക്കും പ്രവർത്തിക്കാനുള്ള സൗകര്യമാണുള്ളത്. കെട്ടിടത്തിന്റെ ടെറസിൽ 100 വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകും. കെട്ടിടത്തിന് പുറത്തൊരുക്കുന്ന പാർക്കിംഗിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടിയും അന്തിമഘട്ടത്തിലാണ്.

പാളയത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാവും

കോഴിക്കോട്: മാർക്കറ്റ് മാറുന്നതോടെ പാളയം മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ മാറ്റമുണ്ടാവുമെന്നതിനാണ് കോർപ്പറേഷന്റെ മുൻഗണന. അതുപോലെ ഞെങ്ങി ഞെരുങ്ങിയും മാലിന്യ പ്രശ്‌നങ്ങളാലും വീർപ്പുമുട്ടുന്ന മാർക്കറ്റിന്റെ ദുരവസ്ഥയ്ക്ക് കൂടി പുതിയ സംവിധാനം പരിഹാരമാവുമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ പറഞ്ഞു. മാർക്കറ്റിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പണി പൂർത്തിയായാൽ ഉടൻ മാറ്റമുണ്ടാകും. സമരം നടത്താനൊരുങ്ങുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുമെന്നും രാജൻ പറഞ്ഞു.


പാളയം മാർക്കറ്റ് മാറ്റത്തെ അംഗീകരിക്കാനാവില്ല

കോഴിക്കോട്: നിലവിലുള്ള സാഹചര്യത്തിൽ മാർക്കറ്റ് മാറ്റം വ്യാപാരികളെ പെരുവഴിയിലാക്കുമെന്ന് കോ-ഓർഡിനേഷൻ കമ്മറ്റി. നോട്ട് നിരോധനത്തിനും കൊവിഡിനും ശേഷം മാർക്കറ്റിലെ കച്ചവടക്കാർ വലിയ പ്രതിസന്ധിയിലാണ്. കച്ചവടം കുറഞ്ഞത് കാരണം സാമ്പത്തിക നേട്ടം ഒട്ടും ഇല്ലാത്ത അവസ്ഥയാണ്. കോർപ്പറേഷൻ നൽകുന്ന കെട്ടിട വാടക കഴിഞ്ഞാൽ ലഭിക്കുന്ന വരുമാനം വളരെ തുച്ഛമാണ് . ഈ അവസ്ഥയിൽ പുതിയ കരാറുകാർ നിശ്ചയിക്കുന്ന വാടക തുക താങ്ങാനാവില്ല.

നഗരത്തിന്റെ കണ്ണായ പ്രദേശമായ പാളയത്തുനിന്ന് പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റമ്പോൾ കച്ചവടം കുറയും എന്നതിൽ സംശയമില്ല. പുതിയ മാർക്കറ്റിൽ വരാൻ സാദ്ധ്യതയുള്ള വലിയ പച്ചക്കറി കച്ചവടക്കാരോട് മത്സരിച്ചു നിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും അതുകൊണ്ടുതന്നെ പുതിയ സംവിധാനത്തോട് സഹകരിക്കാനാവില്ലെന്നും കോ-ഓർ ഡിനേഷൻകമ്മറ്റി വ്യക്തമാക്കി.

Advertisement
Advertisement