ഇനി വെള്ളിടി വെട്ടും

Wednesday 07 December 2022 11:07 PM IST

ലോകകപ്പ് ക്വാർട്ടർ ഫൈനലുകൾക്ക് വെള്ളിയാഴ്ച തുടക്കം

നെയ്മറും മെസിയും വെള്ളിയാഴ്ച ഇറങ്ങുന്നു

ശനിയാഴ്ച ക്രിസ്റ്റ്യാനോയും എംബാപ്പെയും കളത്തിൽ

ദോഹ : ലോകകപ്പിൽ ഇനി നാലിലൊന്നാവാൻ എട്ടുപേരുടെ ഇടിവെട്ട് പോരാട്ടങ്ങൾ. വെള്ളിയും ശനിയുമായി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ചൂടിലേക്കാണ് ഖത്തർ ഉണരുന്നത്.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ നെയ്മറുടെ ബ്രസീൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യയെയാണ് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മെസിയുടെ അർജന്റീന ഹോളണ്ടിനെ നേരിടും.ലുസൈൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്.

ശനിയാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലെത്തുന്നത്. സ്പെയ്നിനെ അട്ടിമറിച്ചെത്തിയ ആഫ്രിക്കൻ ടീം മൊറോക്കോയാണ് പോർച്ചുഗലിനെ നേരിടുന്നത്. അൽ തുമാമ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് കിക്കോഫ്.രാത്രി 12.30ന് അൽബയാത്ത് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇംഗ്ളണ്ടിനെ നേരിടാനിറങ്ങും.

മുൻചാമ്പ്യന്മാരായ സ്പെയ്ൻ കാലിടറി വീണതൊഴിച്ചാൽ വലിയ അട്ടിമറികൾക്ക് ഇടം കൊടുക്കാതെയാണ് പ്രീ ക്വാർട്ടറുകൾക്ക് കർട്ടൻ വീണത്. അർജന്റീന ആസ്ട്രേലിയയെ 2-1ന് തോൽപ്പിച്ചപ്പോൾ ബ്രസീൽ 4-1ന് ദക്ഷിണ കൊറിയയെ മറികടന്നു. ഫ്രാൻസ് പോളണ്ടിനെ തോൽപ്പിച്ചത് 3-1നാണ്. ഇംഗ്ളണ്ട് സെനഗലിനെ കീഴടക്കിയത് മറുപ‌ടിയില്ലാത്ത മൂന്ന് ഗോളുകൾക്കും. പോർച്ചുഗൽ 6-1ന് സ്വിറ്റ്സർലാൻഡിനെ കശാപ്പുചെയ്തു മുന്നേറിയപ്പോൾ ഷൂട്ടൗട്ടിലേക്ക് പോയത് രണ്ട് മത്സരങ്ങളാണ്.ആദ്യ ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ജപ്പാനെ 3-1ന് പുറത്താക്കി.അടുത്ത ഷൂട്ടൗട്ടിൽ സപെയ്നിന്റെ ഒറ്റകിക്കുപോലും വലയിൽ ക‌ടത്താതെ മൊറോക്കോ മായാജാലം സൃഷ്ടിച്ചു.

സൂപ്പർ താരങ്ങളെല്ലാം ക്വാർട്ടറിൽ

ഈ ലോകകപ്പിലെ സൂപ്പർ താരങ്ങളായ മെസി,ക്രിസ്റ്റ്യാനോ,നെയ്മർ,എംബാപ്പെ എന്നിവരെല്ലാം ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്.എന്നാൽ ക്വാർട്ടറിൽ ഇവർക്ക് പരസ്പരം ഏറ്റുമുട്ടേണ്ടിവരില്ലെന്നതാണ് കൗതുകം.

സെമിയിലും ഫൈനലിലും സൂപ്പർ താരങ്ങളുടെ കൊമ്പുകോർക്കലിന് വഴിയൊരുങ്ങും വിധമാണ് ക്വാർട്ടർ ഫിക്സ്ചർ.

വെള്ളിയാഴ്ച ബ്രസീൽ ക്രൊയേഷ്യയെയും അർജന്റീന ഹോളണ്ടിനെയും മറികക്കുകയാണെങ്കിൽ സെമിയിൽ മെസിയും നെയ്മറും തമ്മിലുള്ള പോരാട്ടം കാണാം.

ശനിയാഴ്ച ഫ്രാൻസും പോർച്ചുഗലും ജയിച്ചാൽ രണ്ടാം സെമിയിൽ ക്രിസ്റ്റ്യാനോയും എംബാപ്പെയും ഏറ്റുമുട്ടും.

ഫൈനലിൽ മെസി Vs ക്രിസ്റ്റ്യാനോ,മെസി Vs എംബാപ്പെ,നെയ്മർ Vs ക്രിസ്റ്റ്യാനോ,നെയ്മർ Vs എംബാപ്പെ പോരാട്ടങ്ങൾക്കും സാദ്ധ്യതയുണ്ട്.

ക്വാർട്ടർ ലൈനപ്പ്

ബ്രസീൽ Vs ക്രൊയേഷ്യ

വെള്ളിയാഴ്ച രാത്രി 8.30ന്

അർജന്റീന Vs ഹോളണ്ട്

വെള്ളിയാഴ്ച രാത്രി 12.30ന്

പോർച്ചുഗൽ Vs മൊറോക്കോ

ശനിയാഴ്ച രാത്രി രാത്രി 8.30ന്

ഇംഗ്ളണ്ട് Vs ഫ്രാൻസ്

ശനിയാഴ്ച രാത്രി 12.30ന്

Advertisement
Advertisement