പിൻഹോൾ ചികിത്സാവിജയം: ബിലീവേഴ്സ് ആശുപത്രിയിൽ യുവതിക്ക് പുനർജന്മം 

Thursday 08 December 2022 1:08 AM IST
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽകോളേജ് ആശുപത്രിയിൽ സുഖംപ്രാപിച്ച രേവതിയുടെ കുടുംബത്തിനൊപ്പം ഡോക്ടർമാർ

തിരുവല്ല: പ്രസവശേഷമുണ്ടായ അനിയന്ത്രിത രക്തസ്രാവത്തിന് പിൻഹോൾ ചികിത്സ വിജയകരമായി നടത്തി ബിലീവേഴ്സ് ആശുപത്രിയിൽ യുവതിക്ക് പുനർജന്മം നൽകി. വള്ളംകുളം സ്വദേശി രേവതി കൃഷ്ണനാണ് ആപത്ഘട്ടം പിന്നിട്ട് സുഖപ്രദമായത്. ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി, ഗൈനക്കോളജി വിഭാഗങ്ങളുടെ കൂട്ടായ യത്നത്തിലൂടെയാണ് ശസ്ത്രക്രിയ കൂടാതെയുള്ള അത്യാധുനിക ചികിത്സാരീതി ഫലപ്രദമായി നിർവഹിച്ചത്. കഴിഞ്ഞ നവംബർ ഏഴിന് മറ്റൊരാശുപത്രിയിൽ സുഖപ്രസവത്തിലൂടെ രേവതി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഒരാഴ്ച്ച പിന്നിട്ടതോടെ രേവതിക്ക് അനിയന്ത്രിത രക്തസ്രാവം ഉണ്ടായതിനെതുടർന്ന് ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പ്രത്യുത്പ്പാദന അവയവത്തിന് തൊട്ടടുത്ത രക്തക്കുഴലുകൾക്കുണ്ടായ വീക്കമാണ് രക്തസ്രാവത്തിന് കാരണമെന്ന് കണ്ടെത്തി. ഇത്തരം സന്ദർഭത്തിൽ ഗർഭപാത്രം നീക്കംചെയ്ത് രക്തസ്രാവം ഒഴിവാക്കാനുള്ള ചികിത്സാരീതിയാണ് സാധാരണയെടുക്കുക. എന്നാൽ രോഗിക്ക് മേജർ ശസ്ത്രകിയയുടെ അപകടസാദ്ധ്യത ഒഴിവാക്കാനും ഭാവിയിൽ ഗർഭധാരണം ഇല്ലാതാവുന്ന സാഹചര്യവും പരിഗണിച്ചാണ് പിൻഹോൾ ചികിത്സയുടെ സാദ്ധ്യത ബിലീവേഴ്സിലെ വിദഗ്ദ്ധ മെഡിക്കൽസംഘം ഉപയോഗപ്പെടുത്തിയത്. ജില്ലയിൽ ആദ്യമായാണ് പ്രസവാനന്തര രക്തസ്രാവത്തിന് ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സ വിജയകരമാക്കിയത്. രോഗികൾക്ക് ആശ്വാസകരവുമാണ് ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സകളെന്നും ശരീരത്തിൽ മുറിവുകളോ പാടുകളോ ഉണ്ടാകില്ലായെന്നും ഭാവിയിൽ ഗർഭധാരണത്തിന് തടസമില്ലെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ.ടോം ജോർജ് പറഞ്ഞു. ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സാ സൗകര്യങ്ങളുപയോഗിച്ച് അടിയന്തര സാഹചര്യങ്ങളിൽ അനേകംപേരെ ഇത്തരത്തിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിൽ അഭിമാനമുണ്ടെന്ന് ആശുപത്രി ഡയറക്ടറും സി.ഇ.ഒ.യുമായ പ്രൊഫ.ഡോ. ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു. റേഡിയോളജി വിഭാഗം മേധാവി ഡോ.ടോം ജോർജും ഗൈനക്കോളജി വിഭാഗം മേധാവി ഡോ.പാറ്റ്സി വർഗീസും കൺസൾട്ടന്റ് ഡോ.രേഖാ ജി.മുരിക്കനും അടങ്ങിയ മെഡിക്കൽ ടീമാണ് രേവതിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

Advertisement
Advertisement