ജില്ലയിൽ പുതിയ സംരംഭങ്ങൾ 10,000

Thursday 08 December 2022 12:21 AM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തോടനുബന്ധിച്ച് ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി 10,000 പുതിയ സംരംഭങ്ങൾ ആരംഭിച്ച ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ച് എറണാകുളം. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതിയിൽ 250 ദിവസങ്ങൾ കൊണ്ടാണ് ജില്ല ഈ നേട്ടം സ്വന്തമാക്കിയത്.

പദ്ധതിക്ക് കീഴിൽ ഇതുവരെ ജില്ലയിൽ 10,016 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. നിർമ്മാണ മേഖലയിൽ 1,483 സംരംഭങ്ങളും സേവന മേഖലയിൽ 3,522 സംരംഭങ്ങളും വാണിജ്യ മേഖലയിൽ 5,011 സംരംഭങ്ങളും തുടങ്ങി. 856.43 കോടി രൂപയുടെ നിക്ഷേപമാണ് ഒൻപത് മാസത്തിനുള്ളിൽ ജില്ലയിലുണ്ടായത്. 24,411 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

തൃക്കാക്കര, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂർ, ആലുവ, എടവനക്കാട്, തിരുവാണിയൂർ, കുഴുപ്പിള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങൾ 100ശതമാനം നേട്ടം കൈവരിച്ചു.


പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകനയോഗങ്ങൾ നടന്നുവരികയാണ്. ശില്പശാലകൾ ഏകോപിപ്പിക്കാനും സബ്സിഡി, വായ്പ സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 113 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.

സംരംഭകർക്കുള്ള സഹായ പദ്ധതിയായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാന്റ് വഴി ജില്ലയിൽ 56 അപേക്ഷകർക്കായി 1.59 കോടി രൂപ ധനസഹായം നൽകി. ഇതിൽ 42വനിതാ സംരംഭകരും 14 പുരുഷ സംരംഭകരും ഉൾപ്പെടുന്നു. തൊഴിലും ഉത്പാദനവും വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (പി.എം.ഇ.ജി.പി) വഴി 88 യൂണിറ്റുകൾക്ക് 244.12 ലക്ഷം രൂപ സബ്സിഡിയായി വിതരണം ചെയ്തു.


തൊഴിലന്വേഷകരും ചെറുപ്പക്കാരും സ്ത്രീകളും വിദ്യാർത്ഥികളും സംരംഭകരായി മാറുന്നതോടെ നിക്ഷേപം വർദ്ധിക്കുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും
പി.എ. നജീബ്
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ

Advertisement
Advertisement