മയക്കുമരുന്ന് വാങ്ങാൻ ഇടനിലക്കാരനുമായി വാട്‌സാപ്പ് ചാറ്റ് നടത്തി; അറബ് പൗരന് 60,000 ദിർഹം പിഴശിക്ഷ

Wednesday 07 December 2022 11:39 PM IST

ദുബായ്: മയക്കുമരുന്ന് വാങ്ങുന്നതിനായി ഇടനിലക്കാരനുമായി വാട്‌സാപ്പ് ചാ‌റ്റ് നടത്തിയ അറബ് വംശജന് പിഴശിക്ഷ വിധിച്ച് കോടതി. മയക്കുമരുന്ന് വാങ്ങാൻ ഏഷ്യൻ വംശജനായ ഇടനിലക്കാരന് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നൽകിയതായി കണ്ടെത്തിയതോടെയാണ് അറബ് വംശജനെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. 60,000 ദിർഹം (ഏകദേശം 13.44 ലക്ഷം രൂപ) പിഴയാണ് ഇയാൾക്ക് കോടതി വിധിച്ചത്.

പ്രതി മയക്കുമരുന്ന് കൈവശം വയ്‌ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസ് അറിയിച്ചു. സാമ്പിൾ ശേഖരണത്തിനായി ഇയാളുടെ വീടും വാഹനവും പരിശോധിച്ചു. പൊലീസ് സംഘത്തിന് തന്റെ കിടപ്പുമുറിയിലെ ഡ്രായറിൽ നിന്ന് ഇയാൾ കഞ്ചാവും മറ്റ് ലഹരിവസ്‌തുക്കളും കാണിച്ചുകൊടുത്തു.

ഡീലറെ താൻ കണ്ടിട്ടില്ലെന്നും ലഹരി മരുന്ന് ഇടപാട് ഉറപ്പിച്ച ശേഷം എടിഎം കാർഡുപയോഗിച്ച് ബാങ്കിൽ നിന്നും പണം അയക്കുകയും ഏജന്റ് പറയുന്നയിടത്ത് പോയി ലഹരി വസ്‌തു എടുക്കുകയുമാണ് ചെയ്‌തിരുന്നത് എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. വാട്‌സാപ്പ് വഴി ലഹരി വിൽപനയുമായി ബന്ധപ്പെട്ട് നൂറുപേരെ ദുബായ് പൊലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.