ഗവർണറെ വെട്ടുന്നതിൽ യോജിച്ച് പ്രതിപക്ഷവും

Thursday 08 December 2022 1:43 AM IST

തിരുവനന്തപുരം: സർവകലാശാല ഭേദഗതി ബില്ലിന്മേൽ ഇന്നലെ നിയമസഭയിൽ നടന്ന വാക് രിനിടയിലും ഒരു കാര്യം വ്യക്തമായി. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കുന്നതിൽ ഇരുപക്ഷത്തിനും എതിർപ്പില്ല.

ചാൻസലറെ മാറ്റുന്നതിലല്ല, പകരം സംവിധാനത്തിലാണ് തങ്ങളുടെ ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവർത്തിച്ചു പറഞ്ഞു. ഗവർണർക്ക് ചാൻസലറെന്ന സ്റ്റാറ്റ്യൂട്ടറി പദവി നൽകിയിട്ടുള്ളത് നിയമസഭയാണ്. അത് പിൻവലിക്കാനും സഭയ്ക്ക് അവകാശമുണ്ട്. എന്നാൽ പകരം സംവിധാനത്തിൽ ചാൻസലറാവുന്ന ആൾക്ക് വേണ്ട മിനിമം യോഗ്യത വ്യക്തമാക്കുന്നില്ല. കാവിവത്കരണം പോലെ, മാർക്സിസ്റ്റ് വത്കരണത്തെയും തങ്ങൾ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിന്റെ ഉള്ളടക്കത്തിൽ തർക്കമില്ലാത്ത പ്രതിപക്ഷത്തിന് , പകരം സംവിധാനമെന്നത് രാജസ്ഥാൻ മാതൃകയിൽ മുഖ്യമന്ത്രി ചാൻസലറാവുന്നതാണോയെന്ന് മന്ത്രി പി.രാജീവ് തിരിച്ചടിച്ചു. മുഖ്യമന്ത്രി ചാൻസലറായാൽ ഗവൺമെന്റ് നേരിട്ടിടപെടുന്ന സ്ഥിതി വരും. മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാൻസലറാക്കിയത് അവരുടെ മികവ് മാത്രം പരിഗണിച്ചാണ്. അക്കാഡമിക് രംഗത്ത് ഔന്നത്യമുള്ളവർ വരണം. അതാണ് കേരള മാതൃകയെന്നും രാജീവ് പറഞ്ഞു. എന്നാൽ ,ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടി വരുമെന്ന് അദ്ദേഹത്തിനറിയാമെന്നും, അതു കൊണ്ട് മുഖ്യമന്ത്രി ചാൻസലറാവില്ലെന്നുമായി സതീശൻ. ഗവർണറും സർക്കാരും ഒരേ പാതയിലാണ് സഞ്ചരിച്ചിരുന്നത്. എല്ലാ കുഴപ്പങ്ങളും ഒരുമിച്ചാണ് ചെയ്തത്..ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണർ മാറാൻ തയ്യാറായപ്പോൾ സർക്കാർ പോയി കാലു പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

സിൻഡിക്കേറ്റുകളെ പിരിച്ചുവിടാൻ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്നതാണ് പ്രീതി സമ്പ്രദായമെന്ന് മന്ത്രി രാജീവ്. സർവകലാശാലകൾ പിടിച്ചെടുക്കാൻ ശ്രമിച്ച

യു.ഡി.എഫ് ഭരണ കാലത്തെ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ പേരുകളും അദ്ദേഹം എണ്ണിപ്പറഞ്ഞു. ബില്ലുകൾ പിടിച്ചു വയ്ക്കുന്ന ഗവർണറുടെ നിലപാടിനെ നേരത്തെ പ്രതിപക്ഷം എതിർത്തിട്ടുള്ളതാണെന്നും,. എന്നാൽ തെറ്റായ ഓർഡിനൻസുകൾ വരുമ്പോൾ പ്രതിപക്ഷം അത് ഗവർണറെ ബോദ്ധ്യപ്പെടുത്തുമെന്നും . സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
Advertisement