നഷ്ടപ്പെട്ട തുക എത്രയെന്ന് മേയറും സെക്രട്ടറിയും വ്യക്തമാക്കണം: യു.ഡി.എഫ്

Thursday 08 December 2022 12:51 AM IST
corp.

കോഴിക്കോട് : കോർപ്പറേഷൻ അക്കൗണ്ടിൽ നഷ്ടപ്പെട്ടത് എത്ര തുകയാണെന്ന് മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയും വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു. ജനുവരിയിൽ 40 ലക്ഷം രൂപ തിരിമറി നടന്നിട്ടും കോർപ്പറേഷന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ജനുവരി മുതൽ നവംബർ വരെ കോർപ്പറേഷൻ ഫണ്ടിൽ നിന്നും തിരിമറി നടത്തിയ പണം എവിടേക്കാണ് ചോർന്നതെന്ന് കണ്ടുപിടിക്കാൻ കോർപ്പറേഷനോ അന്വേഷണ ചുമതയുള്ള ക്രൈംബ്രാഞ്ചിനോ ഇതുവരെ സാധിച്ചിട്ടില്ല. കോർപ്പറേഷൻ ഓഫീസിൽ കണക്കില്ലെേയെന്നും യു.ഡി. എഫ് ചോദിച്ചു.

മൂന്ന് കോടിയിലേറെ പണം നഷ്ടപ്പെട്ട കേസുകളിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ദേശസാത്കൃത ബാങ്കുകൾക്ക് ആർ.ബി.ഐ നൽകിയ നിർദേശം എന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം..

കേസിൽ സി.ബി.ഐ അന്വേഷണം നടത്താൻ തയ്യാറാകണമെന്ന് കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ കോർപ്പറേഷൻ ഫണ്ട് തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട്ടെ ബ്രാഞ്ചുകൾ സ്തംഭിപ്പിക്കും എന്ന് പറഞ്ഞ നേതാവിനെ പിന്നീട് സി.പി.എം ധർണയിൽ പോലും കണ്ടില്ല. ഇത് ദുരൂഹമാണ്. പ്രത്യേക കൗൺസിൽ വിളിച്ച് നിജസ്ഥിതി എന്തെന്ന് കൗൺസിലർമാരെ എങ്കിലും ബോദ്ധ്യപ്പെടുത്താൻ ഭരണസമിതി തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത. അദ്ധ്യക്ഷത വഹിച്ചു. കെ.മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ , പി.ഉഷാദേവി, പി. എൻ. അജിത , എം. സി. സുധാമണി, കവിതാഅരുൺ, ഓമന മധു, സാഹിദ സുലൈമാൻ, കെ.റംലത്ത് ,സൗഫിയ അനീസ് , അജീബ ബീവി ,അൽഫോൻസാ മാത്യു ,മനോഹരൻ മങ്ങാറിൽ, കെ. പി. രജേഷ് കുമാർ, കെ. നിർമല, ആയിഷ ബീവി പാണ്ടികശാല എന്നിവർ പങ്കെടുത്തു.

Advertisement
Advertisement