ഏലത്തോട്ടത്തിലെ മരച്ചില്ലവെട്ടുന്ന കർഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വനംവകുപ്പ്; പ്രതിഷേധവുമായി ലാന്റ് ഫ്രീഡം മൂവ്മെന്റ്

Wednesday 07 December 2022 11:56 PM IST

രാജാക്കാട് : ഏലത്തോട്ടങ്ങളിൽ തണൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി മരത്തിന്റെ ചില്ല വെട്ടിയിറക്കുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുന്നതായി ആരോപണം. ശാന്തമ്പാറ, പൂപ്പാറ മേഖലകളിലെ കൃഷിയിടങ്ങളിൽ ഇത് സംബന്ധിച്ച് നിരവധി കർഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി ലാന്റ് ഫ്രീഡം മൂവ്‌മെന്റ് പ്രവർത്തകർ പറയുന്നു.
ആവശ്യത്തിന് തണലും തണുപ്പും ആവശ്യമായ ഏലം കൃഷിയുടെ പരിപാലത്തിന് വർഷാവർഷം മരങ്ങളുടെ ചില്ലയിറക്കി ക്രമീകരിക്കുന്നത് പതിവാണ്.ആവശ്യത്തിലധികം തണലുണ്ടായാൽ ഏലത്തിന്റെ വിളവിനെ പ്രതികൂലമായി ബാധിക്കും.കൂടുതൽ വെയിലേറ്റാൽ ഇതും പ്രതികൂലമായി ബാധിക്കും.ഇത് കൃത്യമായ അളവിൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി തേക്ക്, പ്ളാവ് തുടങ്ങി ഏലത്തോട്ടങ്ങളിലുള്ള മരത്തിന്റെ ചില്ലയിറക്കും. എന്നാൽ ഇതിന് ഇപ്പോൾ വനംവകുപ്പ് തടസ്സം നിൽക്കുന്നുവെന്നാണ് കർഷകരുടെ ആരോപണം. ഇതിനെതിരെയാണ് പൂപ്പാറയിലുള്ള വ്യാപാരികളുടേയും കർഷകരുടേയും നേതൃത്വത്തിൽ ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റും സംയുക്തമായി രംഗത്തെത്തിയിരിക്കുന്നത്.
മരത്തിന്റെ ചില്ലയിറക്കിയതിന് കർഷകർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നതെന്നും കർഷകർക്ക് സ്വതന്ത്രമായി കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർ ആരോപിക്കുന്നു.കൃഷിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൽ ക്രിമിനൽ കുറ്റമായി കണ്ട് കർഷകർക്കെതിരെ കേസെടുക്കുന്ന നടപടിക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും.അവർ ആവശ്യപ്പെട്ടു.

സമരം നടത്തും

ഭൂനിയമങ്ങളുടെ പേരിൽ കർഷകരെ ദ്രോഹിക്കുന്ന നയം തുടർന്നാൽ ഇടുക്കിയിലെ മുഴുവൻ പഞ്ചായത്തുകളിലും ലാന്റ് ഫ്രീഡം മൂവ്‌മെന്റ് രൂപികരിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുമെന്നും ചെയർമാൻ സണ്ണി പൈമ്പിള്ളിൽ,റോയി അമ്പഴച്ചാലിൽ,സി.സി മാത്യു,ജോയി ജോസഫ്,യു.എം.കെ സലിം എന്നിവർ അറിയിച്ചു.

Advertisement
Advertisement