മൂന്നാംകുറ്റി- കരിക്കോട് നാലുവരി പാത അനുമതിയായിട്ടും അനക്കമില്ല

Thursday 08 December 2022 12:45 AM IST
തിരക്കേറിയ കല്ലുംതാഴം ജംഗ്‌ഷൻ

കൊല്ലം : തിരുമംഗലം ദേശീയപാതയിൽ മൂന്നാംകുറ്റി മുതൽ കരിക്കോട് വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗം നാലുവരിയായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുപ്പിക്കഴുത്തായ കോയിക്കൽ ജംഗ്‌ഷനിലെ ചെറിയ പാലവും മൂന്നാംകുറ്റി, കരിക്കോട് റെയിൽവേ മേൽപ്പാലങ്ങളും വീതിയില്ലാത്ത റോഡിലെ തിരക്കും കാരണം രണ്ട് ദേശീയപാതകൾ സംഗമിക്കുന്ന കല്ലുംതാഴം ജംഗ്‌ഷൻ കടന്നുകിട്ടാൻ അരമണിക്കൂറിലധികം വേണ്ടിവരും. പ്രവൃത്തി ദിവസങ്ങളിൽ ഗതാഗതകുരുക്ക് മറികടന്ന് കരിക്കോട് നിന്ന് ചിന്നക്കടയിലെത്താൻ ഒരുമണിക്കൂറോളമെടുക്കും. ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ തിരുമംഗലം പാതയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകാനാണ് സാദ്ധ്യത. കല്ലുംതാഴത്ത് മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.

കൊല്ലം-തിരുമംഗലം ദേശീയ പാത 744​ലെ കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് ജംഗ്ഷൻ വരെയുള്ള മൂന്ന് കിലോമീ​റ്റർ നാലുവരിയാക്കുന്നതിന് 2020 മേയിൽ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, സാങ്കേതികാനുമതിയും മറ്റ് നടപടിക്രമങ്ങളും പാലിക്കുന്നതിൽ മെല്ലപ്പോക്കാണ് സ്വീകരിച്ചത്. മൂന്നാംകുറ്റിയിലും കരിക്കോടുമുള്ള റെയിൽവേ മേൽപ്പാലങ്ങളും കോയിക്കലുള്ള ഇടുങ്ങിയ പാലവും പൊളിച്ചു മാ​റ്റി നാലുവരി പാലങ്ങൾ നിർമ്മിക്കുന്നതിനുൾപ്പെടെ കിഫ്ബിയിൽ ഉൾപ്പെടുത്തി 280.15 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. അന്നത്തെ മന്ത്റിമാരായ ജെ.മേഴ്‌​സിക്കുട്ടിയമ്മ, ജി.സുധാകരൻ, ഡോ.തോമസ് ഐസക് എന്നിവരുടെ ചർച്ചയിലാണ് അടിയന്തരമായി നടപ്പാക്കണമെന്ന ലക്ഷ്യത്തോടെ പദ്ധതിക്ക് ഭരണാനുമതി നൽകിയത്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമുള്ള മേഖലയാണ് രണ്ടാംകുറ്റി മുതൽ കരിക്കോട് വരെയുള്ള ഭാഗം. ഈ ഭാഗത്തെ വികസനത്തിനായി പണം അനുവദിച്ചിട്ടും എം.എൽ.എയായ പി.സി വിഷ്ണുനാഥ് ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ല. റോഡ് നാലു വരിയായി വികസിപ്പിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണണം

എസ്.ധർമ്മരാജൻ, സി.പി.എം പേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി

കല്ലുംതാഴം ജംഗ്‌ഷൻ കടക്കാൻ മണിക്കൂറുകൾ വേണ്ടിവരുന്ന അവസ്ഥയാണ്. റോഡ് വികസനം സാദ്ധ്യമാക്കാൻ ആവശ്യമായ സ്ഥലം മിക്കയിടത്തുമുണ്ട്. അധികൃതർ കെടുകാര്യസ്ഥത അവസാനിപ്പിച്ച് റോഡ് വികസനം സാദ്ധ്യമാക്കണം

ലാൽ, കേരളകൗമുദി ഏജന്റ്

Advertisement
Advertisement