ആൺ, പെൺ വിദ്യാർത്ഥി ഭേദമില്ല; മെഡി. കോളേജ് ഹോസ്റ്റലിൽ രാത്രി 9.30ന് മുമ്പ് എത്തണം

Thursday 08 December 2022 1:06 AM IST

 ആരോഗ്യവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺ, പെൺ ഭേദമില്ലാതെ വിദ്യാർത്ഥികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആൺകുട്ടികളും പെൺകുട്ടികളും രാത്രി 9.30നകം ഹോസ്റ്റലിൽ തിരികെ എത്തണമെന്നാണ് ഉത്തരവിൽ. കോഴിക്കോട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റൽ സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കിയത്. മെഡിക്കൽ, ഡെന്റൽ കോളേജ് ഹോസ്റ്റലുകളിലെ സമയക്രമത്തിൽ ലിംഗവിവേചനമുണ്ടെന്നും ആൺകുട്ടികൾക്ക് കൂടുതൽ സമയം പുറത്തുപോകാൻ അനുവദിക്കുന്നുണ്ടെന്നും ആരോപിച്ച് കോഴിക്കോട്ട് വിദ്യാർത്ഥിനികൾ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലിക്കെയാണ് സർക്കാർ ഉത്തരവ്. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകളുടെ ഗേറ്റ് രാത്രി 9:30ന് അടയ്ക്കണമെന്നും ഗേറ്റിലെ സെക്യൂരിറ്റി ഗാർഡ് കൃത്യമായി മൂവ്‌മെന്റ് രജിസ്റ്റർ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. 9.30ന് ശേഷം എത്തുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾ രക്ഷാകർത്താവിൽനിന്ന് കുറിപ്പ് വാങ്ങി വാർഡന് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ. അധികൃതർ രക്ഷാകർത്താവിനെ വിവരമറിയിക്കുകയും വേണം. രണ്ടാം വർഷം മുതലുള്ള വിദ്യാർത്ഥികൾ തങ്ങളുടെ ഐ.ഡി കാർഡ് ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോദ്ധ്യപ്പെടുത്തി മൂവ്‌മെന്റ് രജിസ്റ്ററിൽ സമയം കാണിച്ച് ഒപ്പുവച്ചശേഷം പ്രവേശിക്കാം. പെൺകുട്ടികളെ ഹോസ്റ്റലിൽ പൂട്ടിയിടേണ്ട കാര്യമില്ലെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം അവർക്ക് മാത്രമെന്തിനെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ചോദിച്ചിരുന്നു. തുടർന്നാണ് ഇത്തരമൊരു ഉത്തരവ്.