എ.ഐ.ടി.യു.സി ദേശീയ സമ്മേളനം ആലപ്പുഴയിൽ

Thursday 08 December 2022 1:08 AM IST

കൊച്ചി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും വിഭവശേഷിയും കേന്ദ്രസർക്കാർ സ്വകാര്യ കുത്തകകൾക്ക് അടിയറ വയ്ക്കുകയാണെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. തൊഴിലാളിവർഗം നടത്തുന്ന പോരാട്ടം ശക്തിപ്പെടുത്താനുള്ള കർമ്മപരിപാടികൾക്ക് ആലപ്പുഴയിൽ ഈ മാസം 16 മുതൽ 20 വരെ നടക്കുന്ന എ.ഐ.ടി.യു.സി 42-ാം ദേശീയ സമ്മേളനം രൂപം നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ ആഗോള ട്രേഡ് യൂണിയൻ പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പതാക, കൊടിമര, സ്മൃതിചിത്ര ജാഥകൾ 16ന് സമ്മേളന നഗരിയിൽ എത്തും. തുടർന്നു സമ്മേളന പതാക ഉയർത്തും.

സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി. രാജേന്ദ്രൻ പറഞ്ഞു.

സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി പി. രാജു, കെ.എൻ. ഗോപി, എലിസബത്ത് അസീസി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.