പത്തിരിപ്പാല മുതൽ കുളപ്പുള്ളി വരെ കൈയേറ്റക്കാരോട് ഒഴിഞ്ഞുപോകാൻ അധികൃതർ

Friday 09 December 2022 12:17 AM IST
പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാത

പത്തിരിപ്പാല: പത്തിരിപ്പാല മുതൽ കുളപ്പുള്ളി വരെ റോഡരിക് കൈയേറി കച്ചവടം നടത്തുന്ന 30ലധികം സ്ഥാപനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഷൊർണൂർ അസി.എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടീസ് നൽകി. ഇല്ലെങ്കിൽ വകുപ്പ് നേരിട്ട് കൈയേറ്റം പൊളിച്ചുമാറ്റി സാധനങ്ങൾ കണ്ടുകെട്ടും. കച്ചവടക്കാരനെതിരെ നിയമ നടപടിയുമുണ്ടാകും.

പത്തിരിപ്പാല, ലക്കിടി, പാലപ്പുറം, ഈസ്റ്റ് ഒറ്റപ്പാലം, ഒറ്റപ്പാലം, കണ്ണിയംപുറം, മനിശ്ശീരി, വാണിയംകുളം, കൂനത്തറ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. റോഡിലും നടപ്പാതകളിലുമായി കച്ചവടം നടത്തുന്ന പെട്ടിക്കടക്കാർ, ഇളനീർ കച്ചവടക്കാർ, മറ്റു വസ്തുക്കളും ശീതള പാനീയങ്ങളും വിൽപ്പന നടത്തുന്നവർ തുടങ്ങിയവർക്കാണ് നോട്ടീസ്. റോഡിലേക്കും നടപ്പാതയിലേക്കും ഷീറ്റ് ഇറക്കിക്കെട്ടി കച്ചവടം ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും.

രണ്ടുമാസം മുമ്പ് വാണിയംകുളം ഭാഗത്ത് തട്ടുകടകളും റോഡിലിറക്കിക്കെട്ടി കച്ചവടം ചെയ്യുന്നതും ഒഴിപ്പിച്ചിരുന്നു. അഞ്ചുപേർ സ്വമേധയാ ഒഴിവാകുകയും ഒരെണ്ണം പൊളിച്ച് മാറ്റുകയും ചെയ്തു. കൈയേറ്റം ഒഴിപ്പിക്കുന്നതിൽ വകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് താലൂക്ക് വികസന സമിതിയിൽ വിമർശനമുയർന്നിരുന്നു. തുടർന്നാണ് പൊലീസിന്റെ സഹായത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തുടങ്ങിയത്.

കൂനത്തറയിൽ അപകടം പതിവ്

പാതയിൽ കൂനത്തറ വളവിൽ അപകടങ്ങൾ പതിവാണ്. ആശാദീപത്തിന് സമീപം രണ്ടുവളവുകൾക്കിടയിലുള്ള 150 മീറ്റർ ദൂരമാണ് സ്ഥിരം അപകട മേഖല. മൂന്നുമാസത്തിനിടെ ഇവിടെ പത്ത് അപകടമുണ്ടായി. രണ്ടുപേർക്ക് ജീവൻ നഷ്ടമായി. 20 പേർക്ക് പരിക്കേറ്റു. അമിത വേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം. അപകട സാദ്ധ്യതയുള്ള ഇവിടെ സൂചനാ ബോർഡുകളോ കാമറയോ വയ്ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement
Advertisement