സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം

Friday 09 December 2022 6:04 PM IST

ആലുവ: സമ്മാന വാഗ്ദാനവുമായി വീട്ടിൽ വരുന്ന സ്‌ക്രാച്ച് ആൻഡ് വിൻ കാർഡിന് പിന്നാലെ പോയാൽ പണം പോകുമെന്ന മുന്നറിയിപ്പുമായി വീണ്ടും റൂറൽ ജില്ലാ പൊലീസ്. ചെറിയ ഇടവേളക്ക് ശേഷം സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പുസംഘങ്ങൾ ജില്ലയിൽ സജീവമായ പശ്ചാത്തലത്തിലാണിത്.

കഴിഞ്ഞ ദിവസം കാലടി സ്വദേശിക്കാണ് തപാലിൽ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിന്റെ പേരിലുള്ള സമ്മാന കാർഡെത്തിയത്. ഉരച്ച് നോക്കിയപ്പോൾ 16.5 ലക്ഷം രൂപയുടെ വില കൂടിയ വാഹനം സമ്മാനമായി ലഭിച്ചിരിക്കുന്നു. സമ്മാനം ലഭിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് വിശദമായി കാർഡിൽ പറഞ്ഞിട്ടുണ്ട്. ബാങ്കിന്റെ വിശദാംശങ്ങൾ അയക്കണമെന്നും

എല്ലാം വാട്‌സ്ആപ്പ് വഴി ആയിരിക്കണമെന്നും നിർദ്ദേശിച്ചു. പേര്, ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് ഇവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. ഇതൊക്കെ കൊടുത്താൽ കിട്ടുന്നത് വൻസമ്മാനമാണെന്ന് വിചാരിച്ച് ഒ.ടി.പി ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയാൽ അക്കൗണ്ടിലുള്ള തുക തൂത്തുപെറുക്കി കൊണ്ടുപോകും. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ജാഗ്രത പാലിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Advertisement
Advertisement