കാലാവധിക്ക് മുന്നേ ലക്ഷ്യംനേടി വ്യവസായവകുപ്പ് - 8 മാസം, ഒരുലക്ഷം സംരംഭങ്ങൾ; 2.2 ലക്ഷം തൊഴിലവസരങ്ങൾ

Friday 09 December 2022 3:15 AM IST

തിരുവനന്തപുരം: ലക്ഷ്യമിട്ടത് ഒരുവർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ. എട്ടുമാസത്തിനകം തന്നെ ലക്ഷ്യം കൈവരിച്ച് സംസ്ഥാന വ്യവസായവകുപ്പ്.

'സംരംഭകവർഷം" പദ്ധതിയാരംഭിച്ച് എട്ടുമാസവും ഏഴുദിവസവുംകൊണ്ട് തുടക്കമായത് 1,01,353 സംരംഭങ്ങൾക്കാണ്. ഇതുവഴി സംസ്ഥാനത്ത് 6,​282 കോടി രൂപയുടെ നിക്ഷേപമെത്തി. 2.2 ലക്ഷം പേർക്ക് തൊഴിലും ലഭിച്ചു.

ഒരുലക്ഷം സംരഭങ്ങൾക്ക് തുടക്കമായതിന്റെ പ്രഖ്യാപനം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് നിർവഹിച്ചു. സംരംഭങ്ങൾ തുടങ്ങാൻ നേരത്തേ സർക്കാർ ഓഫീസുകൾ കയറിയിറങ്ങണമായിരുന്നു. എന്നാൽ,​ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവരെ സമീപിച്ച് ആവശ്യമായ സൗകര്യമൊരുക്കുകയായിരുന്നു പദ്ധതിയിലൂടെ. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ 1153 ഇന്റേണുകളെയും സംരംഭക ഡെസ്‌കുകളെയും നിയോഗിച്ചു.
സംരംഭവായ്പ 4 ശതമാനം പലിശനിരക്കിൽ ലഭ്യമാക്കാൻ ബാങ്കുകളുമായി ചേർന്ന് വ്യവസായവകുപ്പ് പ്രത്യേകപദ്ധതി തയ്യാറാക്കി. വായ്പാമേളകളും സംഘടിപ്പിച്ചു. സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങൾ ഓൺലൈനാക്കി. സംരംഭകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലകളിൽ സംരംഭക ക്ലിനിക്കുകളും ആരംഭിച്ചു.

ചടങ്ങിൽ വ്യവസായ കുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻബില്ല, മുഹമ്മദ് ഹനീഷ്,​ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ ഹരികിഷോർ എന്നിവർ പങ്കെടുത്തു.

പ്രധാന മേഖലകളിലെ സംരംഭങ്ങൾ

 വാണിജ്യം : 31,803

ഭക്ഷ്യോത്പന്നം : 18,​070

ഗാർമെന്റ്സ് ആൻഡ് ടെക്സ്‌റ്റൈൽസ് :11,​707

ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് : 4,​382

സേവനമേഖല : 7,​810

ബയോടെക്‌നോളജി, കെമിക്കൽ : 26,679

വനിതാസംരംഭങ്ങൾ : 25,000

 മറ്റുമേഖലകൾ : 7877


ജില്ല, തുടങ്ങിയ സംരംഭങ്ങൾ, നിക്ഷേപം (കോടിയിൽ), തൊഴിൽ ക്രമത്തിൽ

വയനാട് 3050 179.95 6352
കൊല്ലം 9725 503.43 19959
ആലപ്പുഴ 7797 415.59 16640
പത്തനംതിട്ട 4050 181.28 8654
തൃശൂർ 9916 510.31 20942
എറണാകുളം 10086 860.94 24558
കണ്ണൂർ 7719 501.58 16212
കോട്ടയം 5777 334.63 12120
പാലക്കാട് 8192 396.5 18028
ഇടുക്കി 3146 170.43 6450
കോഴിക്കോട് 8706 649.98 19200
തിരുവനന്തപുരം 9296 597.72 20107
മലപ്പുറം 10039 752.05 23505
കാസർകോട് 3159 195.67 6428

''ദൈവത്തിന്റെ സ്വന്തം നാട് ഇനി നിക്ഷേപകരുടെയും സ്വന്തം നാടാണ്. എട്ടുമാസം ഒരുലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. അവശേഷിക്കുന്ന 120 ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചുകൊണ്ടായിരിക്കും സംരംഭക വർഷം അവസാനിക്കുക. സംരംഭകവർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ സംഗമം സംഘടിപ്പിക്കും""

പി.രാജീവ്,​

മന്ത്രി

Advertisement
Advertisement