ദേശീയ ബാലശാസ്ത്ര കോൺഗ്രസ്: സംസ്ഥാനതല മത്സരങ്ങൾക്ക് തുടക്കം

Friday 09 December 2022 12:24 AM IST
ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരങ്ങൾ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരങ്ങൾക്ക് തുടക്കമായി. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ എം.കെ.ജയരാജ് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാതല മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 108 ടീമുകളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തത്. സീനിയർ വിഭാഗത്തിൽ 63 ടീമുകളും ജൂനിയർ വിഭാഗത്തിൽ 45 ടീമുകളും. ആകെ 89 പെൺകുട്ടികളും 19 ആൺകുട്ടികളും മത്സരത്തിൽ മാറ്റുരച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന 16 കുട്ടികൾക്ക് ജനുവരിയിൽ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 10 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കിടയിൽ ശാസ്ത്രബോധം വളർത്തുന്നതിനോടൊപ്പം നിത്യജീവിതത്തിൽ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം ലഭ്യമാക്കുകയാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

ചടങ്ങിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഉപാദ്ധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ പ്രൊഫ. കെ.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ പി.ഹരിനാരായണൻ ദേശീയ ബാല ശാസ്ത്ര കോൺഗ്രസിനെക്കുറിച്ച് വിശദീകരിച്ചു. മെമ്പർ സെക്രട്ടറി ഡോ എസ് പ്രദീപ് കുമാർ സ്വാഗതവും പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എൻ.എസ്. പ്രദീപ് നന്ദിയും പറഞ്ഞു. സമാപനസമ്മേളനം ഇന്ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ ഉദ്ഘാടനം ചെയ്യും. ദേശീയതലത്തിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണംചെയ്യും.